മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടം യുവന്റസ് ഉറപ്പിച്ചു. യുവന്റസ് ബൊലോഗ്നയെ 3-1നു കീഴടക്കുകയും നാപ്പോളി ടുറിനൊയോട് 2-2 സമനില വഴങ്ങുകയും ചെയ്തതോടെയാണിത്.
ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കേ യുവന്റസിന് 91ഉം നാപ്പോളിക്ക് 85ഉം പോയിന്റാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിൽ യുവെ തോൽക്കുകയും നാപ്പോളി ജയിക്കുകയും ചെയ്താലും ഇരുടീമുകൾക്കും 91 പോയിന്റ് വീതമുണ്ടാകും. ഗോൾ വ്യത്യാസത്തിൽ യുവന്റസ് മുന്നിലാണെന്നതാണ് കിരീടം ഉറപ്പിക്കാൻ കാരണം. +61 ആണ് യുവന്റസിന്റെ ഗോൾ വ്യത്യാസം. നാപ്പോളിയുടേത് +45ഉം.
ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു യുവെയുടെ ജയം. 30-ാം മിനിറ്റിൽ സിമോണി വെർഡിയുടെ ഗോളിൽ മുന്നിലെത്തിയ ബൊലോഗ്നയെ ഡി മൈനൊയുടെ (51-ാം മിനിറ്റ്) സെൽഫ് ഗോൾ 1-1ൽ കുടുക്കി. തുടർന്ന് സമി ഖേദീര (63-ാം മിനിറ്റ്), പൗലോ ഡൈബാല (69-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ യുവന്റസിനു ജയം സമ്മാനിച്ചു.