ഓഹരി അവലോകനം / സോണിയ ഭാനു
ആറാം വാരത്തിലേക്കു നേട്ടം നിലനിർത്താനാവാതെ ഇന്ത്യൻ ഓഹരിസൂചികകൾ അല്പം തളർന്നു. ആഭ്യന്തരഫണ്ടുകൾ നിക്ഷേപകരായി രംഗത്ത് തുടരുകയാണെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ വില്പനയ്ക്ക് ഉത്സാഹിച്ചു.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്ക് തിളക്കം കുറഞ്ഞതും അമേരിക്കൻ ഫെഡ് റിസർവ് പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതും വിദേശ ഓർപ്പറേറ്റർമാരെ പുതിയ ബാധ്യതകളിൽനിന്ന് പിന്തിരിപ്പിച്ചു. കർണാടക നിയമസഭാ തെരഞ്ഞടുപ്പും ഒരു വിഭാഗം നിക്ഷേപകരുടെ ശ്രദ്ധ മാർക്കറ്റിൽനിന്നകറ്റി. സെൻസെക്സ് 54 പോയിന്റും നിഫ്റ്റി 74 പോയിന്റും താഴ്ന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. നാണയപ്പെരുപ്പത്തെക്കുറിച്ചു വിലയിരുത്താൻ ചൈനീസ് കേന്ദ്രബാങ്കും ഈ വാരം യോഗം ചേരുന്നുണ്ട്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽവില ഉയരുന്നതും യുഎസ് ഡോളർ സൂചികയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരിൽ ആശങ്കപരത്തുന്നുണ്ട്. സാന്പത്തികമേഖലയിൽനിന്നുള്ള പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകലോകം.
വിദേശഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ 2688.05 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തര ഫണ്ടുകൾ 932.99 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ച് വിപണിക്കു ശക്തമായ പിന്തുണ നല്കി. ഏപ്രിലിൽ വിദേശ ഓപ്പറേറ്റർമാർ മൊത്തം 15,500 കോടിയുടെ നിക്ഷേപം തിരിച്ചുപിടിച്ചു.
പിന്നിട്ട പതിനാറ് മാസത്തിനിടെ ഇത്ര കനത്ത വില്പന ആദ്യമാണ്. മാർച്ചിൽ അവർ 11,654 കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചതിനൊപ്പം 9000 കോടി രൂപ കടപ്പത്രത്തിൽനിന്ന് പിൻവലിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ അവർ 11,674 കോടി രൂപ തിരിച്ചുപിടിച്ചു.
ഇതിനിടെ ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വാരത്തിന്റെ തുടക്കത്തിൽ 66.67ൽ നിലകൊണ്ട രൂപ 66.87ലേക്കു താഴ്ന്നു.
ബോംബെ സെൻസെക്സ് 34,847-35,091 റേഞ്ചിൽ സഞ്ചരിച്ചു. വാരാന്ത്യം സൂചിക 34,915 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈ വാരം 34,811ൽ സപ്പോർട്ട് ലഭിച്ചാൽ 35,195-35,299 വരെ മുന്നേറാം. അതേസമയം, പ്രതികൂല വാർത്തകളിലാഴ്ന്ന് ഫണ്ടുകൾ വില്പനയിൽ പിടിമുറുക്കിയാൽ 34,707-34,567ലേക്ക് പരീക്ഷണങ്ങൾക്കു മുതിരാം.
സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. അതേസമയം, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14 ഓവർ ബോട്ടാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ കൂടുതൽ കരുത്തുനേടാനുള്ള ശ്രമത്തിലുമാണ്.
നിഫ്റ്റി സൂചിക 10,764 വരെ വാരത്തിന്റെ ആദ്യപകുതിയിൽ ഉയർന്നെങ്കിലും പിന്നീട് 10,601ലേക്കു താഴ്ന്നശേഷം വാരാന്ത്യം 10,618 പോയിന്റിലാണ്. ഈ വാരം 10,721ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ 10,558-10,498ലേക്ക് തിരുത്തലിനു നീക്കം നടത്താം. ഈ സപ്പോർട്ട് നഷ്ടമായാൽ വിപണി 10,395 വരെ തളരാം. എന്നാൽ, ആദ്യതാങ്ങ് നിലനിർത്തി മുന്നേറാൻ നീക്കം നടത്തിയാൽ 10,721-10,824ലേക്ക് സൂചിക ഉറ്റുനോക്കാം.
മുൻനിരയിലെ പത്തു കന്പനികളിൽ നാലെണ്ണത്തിന്റെ വിപണിമൂല്യത്തിൽ 39,603.27 കോടി രൂപയുടെ വർധന. എച്ച്ഡിഎഫ്സി ബാങ്ക് നേട്ടത്തിൽ മുന്നിലെത്തി. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണിമൂല്യം ഉയർന്നു. ആർഐഎൽ, മാരുതി, ഇൻഫോസിസ്, ഒഎൻജിസി, എച്ച്യുഎൽ, ഐടിസി എന്നിവയ്ക്കു തിരിച്ചടിനേരിട്ടു.
ഏഷ്യൻ ഓഹരിസൂചികകൾ പലതും വാരാന്ത്യം തളർന്നു. അമേരിക്ക- ചൈന വ്യാപാര ചർച്ചകൾ ഏഷ്യൻ മാർക്കറ്റുകളിൽ നിർണായക സ്വാധീനം ചെലുത്താനിടയുണ്ട്. അതേസമയം, യൂറോപ്യൻ ഓഹരി സൂചികകൾ നേട്ടം കൈവരിച്ചു. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി സൂചികകൾ മികവു കാണിച്ചു.