കോട്ടയം: നഗരമധ്യത്തിൽ മദ്യപാനി അഴിഞ്ഞാടി യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവം അറിയിട്ടിച്ചും യഥാസമയം പോലീസ് എത്തിയില്ലെന്ന പരാതിയും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭവ സ്ഥലത്തുനിന്നടക്കം ശേഖരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.30നു കോട്ടയം-കുമരകം റോഡിലെ ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ ഒരാൾ കോട്ടയം-കുമരകം റോഡിനു നടുവിൽ കയറിനിന്ന് യാത്രക്കാരെ അസഭ്യം പറയുകയും ബോർഡുകളും സിഗ്നലുകളും മറിച്ചിട്ട് ബസ് സ്റ്റോപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബസ് കാത്തുനിന്ന വയോധികനെ പിടിച്ചിറക്കി മർദിച്ചു. കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിലെ കരിങ്കല്ലുകൾ ഉപയോഗിച്ചു മർദിക്കുകയും ചെയ്തിരുന്നു. നഗരത്തിൽ സുരക്ഷ കൈകാര്യം ചെയ്യുന്ന കണ്ട്രോൾ റൂം പോലീസിന് രാത്രിയിൽ വണ്വേ തെറ്റിക്കുന്ന വണ്ടിപിടുത്തമാണെന്ന് ആക്ഷേപമുണ്ട്.
നഗരത്തിൽ രണ്ടു കണ്ട്രോൾ റൂം വാഹനങ്ങളാണുള്ളത്. അടിയന്തര സാഹചര്യത്തിൽ ഓടിയെത്തുകയും പ്രശ്നങ്ങളിൽ ഇടപെടുകയുമാണു കണ്ട്രോൾ റൂം വാഹനങ്ങളിലെ പോലീസുകാർക്ക് നൽകിയിരിക്കുന്ന ജോലി. സെൻട്രൽ ജംഗ്ഷനു കെഎസ്ആർടിസിയും കേന്ദ്രീകരിച്ചാണു കണ്ട്രോൾ റൂം വാഹനങ്ങൾ നഗരത്തിൽ പട്രോളിംഗ് നടത്തുന്നത്.
നാഗന്പടത്തെ കണ്ട്രോൾ റൂമിൽ നിന്നു നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വാഹനങ്ങളും പരിശോധന നടത്തുന്നത്. കണ്ട്രോൾ റൂം നന്പറായ 100ൽ വരുന്ന കോളുകൾ ഈ വാഹനത്തിനു കൈമാറും. തുടർന്ന് ഇവർ പ്രശ്നസ്ഥലത്തേക്ക് കുതിച്ചെത്തുന്ന രീതിയിലാണു ക്രമീകരണം.
പകൽ വിളിക്കുന്പോഴെല്ലാം ഗതാഗതക്കുരുക്കിൽപ്പെട്ട് പലസ്ഥലത്തും കണ്ട്രോൾ റൂം വാഹനങ്ങൾക്ക് എത്താനാകുന്നില്ലെന്നാണു പരാതി. തിരക്കൊഴിഞ്ഞ രാത്രിയിലാകട്ടെ സംഭവം കഴിഞ്ഞശേഷമാണ് എത്തിയതെന്ന പരാതിയുണ്ട്.