കൊച്ചി: വരാപ്പുഴ വീട് ആക്രമണക്കേസിലെ മുഖ്യപ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന വിപിൻ (28), അജിത്.കെ.ബി. (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീദാസ് (23) എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പറവൂർ കോടതിയിലാണ് അപേക്ഷ നൽകുന്നത്. അപേക്ഷ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.
വീടുകയറി ആക്രമിച്ച കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ് ഇവർ. ആക്രമണത്തെ തുടർന്ന് ഗൃഹനാഥനായ വാസുദേവൻ ആത്മഹത്യ ചെയ്തതോടെ ഇവർ ഒളിവിൽ പോയി. തുടർന്ന് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകിട്ട് പോലീസിനെ കബളിപ്പിച്ച് മൂവരും കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഇതിനിടെയായിരുന്നു ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതും ക്രൂരമർദനത്തിൽ കൊല്ലപ്പെടുന്നതും. പ്രതികളെ കസ്റ്റഡിൽ ലഭിക്കുന്ന മുറയ്ക്ക് വിശദമായി ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.