ചെറുതുരുത്തി: പൊള്ളലേറ്റു മരിച്ച യുവതിയുടെ മരണ മൊഴി പോലീസിനെ വെട്ടിലാക്കുന്നു. എഫ്ഐആറിൽ പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ദേശമംഗലം സ്വദേശി സാജുവിന്റെ ഭാര്യ റിനി(24)യെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.
മൊഴിയെടുത്ത പോലീസിന്റെ എഫ്ഐആറിൽ പറയുന്നതു ഭർതൃപീഡനം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്. എന്നാൽ, റിനിയുടെ മാതാപിതാക്കൾ മരണ മൊഴിയടങ്ങിയ വീഡിയോ ദൃശ്യങ്ങളുമായി തിരുവനന്തപുരത്തുനിന്നും ചെറുതുരുത്തിയിൽ എത്തിയതോടെയാണ് കഥമാറിയത്.
ആശുപത്രിക്കിടക്കയിൽ വച്ച് ബോധം വന്ന റിനി അമ്മയോടു പറഞ്ഞത് താൻ അടുക്കളയിൽ പ്രഭാതഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ ഭർത്തൃമാതാവ് പുറകിലൂടെ വന്ന് ദേഹത്തു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ്. ഇവർ മകളുടെ മൊഴി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് വെട്ടിലായത്.
മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോൾ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരേ ആത്മഹത്യാ പ്രേരണയ്ക്കു മാത്രമാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകമാണെന്ന മരണമൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.പോലീസിനെതിരെയും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിനിയായ റിനി ദേശമംഗലം സ്വദേശിയായ സാജുവിന്റെ കൂടെ വീട്ടിൽനിന്നും ഇറങ്ങിപ്പോന്നതാണ്. പിന്നീട് റിനി വീട്ടുകാരുമായി ബന്ധപ്പെടാൻ തുടങ്ങിയതോടെ സാജു സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു.