കോതമംഗലം: വേനൽ മഴ കനത്തതു മൂലം നഗരത്തിൽ പ്രധാന റോഡിലെ നിർമാണ പ്രവർത്തനങ്ങൾ നീളുന്നു. ഇതോടെ മഴക്കാലത്തും പണികൾ തുടരുമെന്നുറപ്പായതോടെ ഗതാഗത ക്രമീകരണങ്ങളേക്കുറിച്ചുള്ള ആശങ്കയും ശക്തമാകുന്നു. നാലിടത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ടു മാസത്തോളമായി ടൗണിൽ ഗതാഗത നിയന്ത്രണം നിലനിൽക്കുന്നുണ്ട്.
രാത്രിയിലും പണികൾ നടത്തി പരമാവധി വേഗത്തിൽ റോഡിലെ നിയന്ത്രണം ഒഴിവാക്കണമെന്ന് കോതമംഗലം പോലീസ് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കോതമംഗലം ടൗണിൽ ഹൈറേഞ്ച് ജംഗ്ഷനിലും ബേസിൽ സ്കൂൾ ജംഗ്ഷനിലും കലുങ്കുകളും കുരൂർ തോടിന്റെ സംരക്ഷണഭിത്തി നിർമാണവും നടന്നുവരികയാണ്. നിർമാണ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായെങ്കിലും പകുതിയോളം മാത്രമെ പൂർത്തിയായിട്ടുള്ളു. ശനിയാഴ്ച പി.ഒ. ജംഗ്ഷനിൽ കലുങ്ക് നിർമാണം കൂടി ആരംഭിച്ചതോടെ ഗതാഗതകുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഏറെ ചുറ്റിത്തിരിഞ്ഞാണ് ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കടുന്നുപോകുന്നത്. കാൽനട യാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. നിർമാണ പ്രവർത്തനം അനന്തമായി നീളുന്ന സാഹചര്യത്തിൽ ഗതാഗതകുരുക്കിനെതിരേ പ്രതിഷേധം ഉയർന്നു തുടങ്ങിട്ടുണ്ട്. ഒന്നര മാസംകൊണ്ട് പൂർത്തിയാകുമെന്ന ഉറപ്പിൽ ആരംഭിച്ച നിർമാണ ജോലികളാണ് ഇപ്പോഴും തുടരുന്നത്.
കാലവർഷവും അധ്യയനവർഷവും ആരംഭിക്കാറായതും പ്രശ്നം സങ്കീർണമാക്കുന്നണ്ട്. ജൂണ് ഒന്നു മുതൽ യാത്രക്കാരുടെയും വാഹനങ്ങളുടേയും ബാഹുല്യമേറുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. രാത്രിയിലും ജോലികൾ നടത്തി അതിവേഗം നിർമാണം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന് എസ്ഐ ബേസിൽ തോമസ് താലൂക്ക് വികസന സമിതി യോഗത്തിൽ നിർദേശംവച്ചു.
ഗതാഗത ക്രമീകരണത്തിനുവേണ്ടി കൂടുതൽ പോലീസിനെ വിന്യസിക്കേണ്ടിവരുന്നതു ബുദ്ധിമുട്ടായിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് മേയിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണ് എംഎൽഎ ആവശ്യപ്പെട്ടു.
രണ്ടു കലുങ്കുകളും പകുതിഭാഗം പൂർത്തിയാക്കിയിട്ടില്ല. ഇതിലൂടെ വാഹനങ്ങളെ കടത്തിവിട്ടു തുടങ്ങിയാൽ മാത്രമെ മറുഭാഗം പൊളിച്ച് നിർമാണം നടത്താൻ കഴിയു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കലുങ്ക് നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയെന്നതും വെല്ലുവിളിയാണ്.