കോഴിക്കോട്: ആനിഹാള്‍ റോഡില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്. രാവിലെ പത്തിനാണ് സംഭവം. നാലുപേരാണ് സംഭവസമയത്ത് പണിയെടുത്തിരുന്നത്. മതില് ഇടിഞ്ഞുവീഴുന്നത് കണ്ടതിനെ തുടര്‍ന്ന് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഒരാളെ സ്വകര്യ ആശുപത്രിയിലും രണ്ടാമത്തെയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബേസ് ലൈന്‍ നിര്‍മാണ കമ്പനിയാണ് ഇവിടെ പ്രവൃത്തികള്‍ നടത്തുന്നത്. എകദേശം 20 അടിയോളം ഉയരത്തില്‍ മണ്ണെടുത്തുനീക്കിയിരുന്നു.
മലപ്പുറം സ്വദേശി പുളിക്കറ തെന്നല കെ.വി. മുഹമ്മദ് കുട്ടി എന്നയാളുടെ പേരിലാണ് കെട്ടിടത്തിന്റെ പ്ലാന്‍. ബീച്ചില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സൂപ്പര്‍ വൈസറും സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നു.
സംഭവമറിഞ്ഞ് കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസും സ്ഥലത്തെത്തി. അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക റവന്യൂ സംഘത്തെ നിയമിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടായിരുന്നതായി നഗരം വില്ലേജ് ഓഫീസര്‍ ഉമാകാന്ത് അറിയിച്ചു. സമീപത്തുണ്ടായിരുന്ന വീട്ടിലെ താമസക്കാരെ ഒഴിപ്പിച്ചു.