നാദാപുരം: കഴിഞ്ഞ ദിവസങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായ കല്ലാച്ചി തെരുവന്‍ പറമ്പില്‍ വീണ്ടും ബോംബ്ബേറ്. അക്രമികള്‍ എറിഞ്ഞ സ്റ്റീല്‍ ബോംബ് റോഡരികില്‍ പൊട്ടാതെ കിടന്ന നിലയില്‍ കണ്ടെത്തി.തെരുവന്‍പറമ്പ് പയന്തോങ്ങ് റോഡില്‍ പുളീക്കണ്ടി അമ്പിടാണ്ടി പറമ്പുകള്‍ക്ക് ഇടയിലുള്ള റോഡിനോട് ചേര്‍ന്ന ഇടവഴിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ വഴി യാത്രക്കാരായ നാട്ടുകാര്‍ ബോംബ് കണ്ടതിനെ തുടര്‍ന്ന് നാദാപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.റോഡിലെറിഞ്ഞ ബോംബ് പൊട്ടാതെ സ്റ്റീല്‍ കണ്ടെയനര്‍ പാതി അടര്‍ന്ന നിലയില്‍ പുല്ലുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു.
ബോംബിനുള്ളില്‍ നിന്ന് വെടിമരുന്നും,കരിങ്കല്‍ ചീളുകളും മറ്റും റോഡില്‍ ചിതറി കിടന്നിരുന്നു. നാദാപുരം പോലീസും,ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.ബോംബിനുള്ളില്‍ കരിങ്കല്‍ ചീളുകളും, കുപ്പി ചില്ലുകളും, ആണിയും, വെടിമരുന്നും നിറച്ചാണ് ബോംബ് നിര്‍മിച്ചതെന്നും ബോംബ് സ്ക്വാഡ് വിദഗ്ദര്‍ പറഞ്ഞു.
സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിലോ മറ്റോ നിര്‍മ്മാണം നടത്തിയ ശേഷം സ്ഫോടന ശേഷി പരീക്ഷിക്കാനായി റോഡില്‍ എറിഞ്ഞതാവാമെന്നാണ് പോലീസ് നിഗമനം.നിര്‍മ്മാണം നടത്തിയ ബോംബുകള്‍ റോഡിലും മറ്റും എറിഞ്ഞ് സ്ഫോടന ശേഷി പരീക്ഷിക്കുന്നത് മേഖലയില്‍ പതിവാണ്.
ബോംബേറടക്കമുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടന്നിട്ടും ശക്തമായ പരിശോധനകള്‍ക്ക് ബോംബ് സ്ക്വാഡിന് നിര്‍ദ്ദേശം നല്‍കാത്തത് വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
റോഡില്‍ പൊട്ടാതെ കണ്ടെത്തിയ ബോംബിന്റെ കണ്ടെയ്നര്‍ പുതിയതാണെന്നാണ് ബോംബ് സ്ക്വാഡ് വിദഗ്ദര്‍ പറയുന്നത്. മന:പൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മേഖലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.