പയ്യന്നൂര്‍: ദേശീയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി പയ്യന്നൂരില്‍ നടന്ന സമരങ്ങളുടെ ചരിത്ര സ്മാരകമായ പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന് കെട്ടിടം സംരക്ഷിത ചരിത്ര സ്മാരകമാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവർത്തികള്‍ പൂര്‍ത്തിയായി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കഴിഞ്ഞ ഒക്ടോബര്‍ 21ന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചതോടെ പുനരുദ്ധാരണ പ്രവർത്തികളാരംഭിച്ച ചരിത്ര പൈതൃക മന്ദിരം അടുത്തു തന്നെ നാടിനു സമര്‍പ്പിക്കും.
90 ലക്ഷം രൂപ ചെലവിലാണു പൗരാണിക കെട്ടിടങ്ങളുടെ ശാസ്ത്രീയ സംരക്ഷണ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രവർത്തികള്‍ നടത്തിയത്. 1910 ല്‍ ഇന്‍ഡോ-യൂറോപ്യന്‍ ശൈലയി
ല്‍ നിര്‍മിച്ച ഈ കെട്ടിടം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയപ്പോള്‍ പൊളിച്ചു നീക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതാണ്.
എന്നാല്‍ ദേശസ്നേഹികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ ശ്രമം ഒഴിവാക്കേണ്ടിവന്നത്. ഒടുവില്‍ ഈ കെട്ടിടം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി പുരാവസ്തുവകുപ്പ് മന്ത്രി മുന്നോട്ടുവന്നതിനെ തുടര്‍ന്നാണു പയ്യന്നൂരിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനു വഴിതെളിഞ്ഞത്.
മാര്‍ച്ച് അവസാനത്തോടെ പുനരുദ്ധാരണ പ്രവർത്തികള്‍ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പുരാതന രീതിയിലുള്ള നിര്‍മാണ സാമഗ്രികകള്‍ സംഘടിപ്പിക്കാന്‍ താമസം വന്നു. ഇവയില്‍ പലതും വിപണിയില്‍നിന്നും കണ്ടെത്താനാകാതെ വന്നപ്പോള്‍ വിദഗ്ധരായ തൊഴിലാളികളെ കൊണ്ടു പഴയ മാതൃകയില്‍ നിര്‍മിച്ചാണു നിര്‍മാണത്തിന് ഉപയോഗിച്ചത്.
കെട്ടിടം നിര്‍മിച്ചിരുന്ന പുരാതന നിര്‍മാണ ശൈലിയില്തന്നെയാണു ന്യൂനതകളില്ലാതെ പുരാവസ്തു വകുപ്പ് പ്രവർത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്.പത്തു സെല്ലുകള്‍, നടുമുറ്റം, നാലു മുറികള്‍ എന്നിവയുള്‍പ്പെടുന്ന കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയാണു പുനർനിര്‍മാണം നടത്തിയത്. കൂട്ടത്തില്‍ ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസും പുതുക്കി നിര്‍മിച്ചു.
ഗാന്ധിസ്മൃതി മ്യൂസിയവും ഇതേ കെട്ടിടത്തില്‍ സ്ഥാപിക്കാനാണു തീരുമാനം.സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പയ്യന്നൂരിലെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഉളിയത്തുകടവ്, ശ്രീനാരയണ വിദ്യാലയം, ഖാദി സെന്റര്‍ തുടങ്ങിയവയുമായി കൂട്ടിയണക്കിയുള്ള എറെ പ്രത്യേകതകളുള്ള മ്യൂസിയമാണു സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
വൈദ്യുതീകരണ പ്രവര്‍ത്തികളൊഴികെ മറ്റു നിര്‍മാണ പ്രവർത്തികളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഈ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സംരക്ഷിത ചരിത്ര സ്മാരകം നാടിനു സമര്‍പ്പിക്കും.