ആലക്കോട്: യുവാവിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പിതാവ്. രയറോം പുളിയിലം കുണ്ട് സ്വദേശി ചിറയിൽ ശ്യാംകുമാറി (23)ന്റെ മൃതദേഹമാണ് രയറോം പുഴയിലെ ചെകുത്താൻ കയത്തിൽ ഇന്നലെ രാവിലെ പത്തോടെ കണ്ടെത്തിയത്.
പെയിന്റിംഗ് തൊഴിലാളിയായ ശ്യാമിനെ ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായിരുന്നു. നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ മൃതദേഹം കാണുന്നത്. പുഴക്കരയിൽ നിന്നും ചെരിപ്പും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. സമീപത്തെ മരത്തിൽ തോർത്ത് കെട്ടിയിരുന്നു.
തോർത്തിന്റെ ബാക്കിഭാഗം മൃതദേഹത്തിന്റെ കഴുത്തിലും കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പിതാവ് ബാബുവിന്റെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. എന്നാൽ, ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സുരേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.