മട്ടന്നൂർ: കോഴിഫാം ഉടമയെ തെങ്ങിൽ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊളപ്പയിൽ കോഴിഫാം നടത്തുന്ന ഏച്ചൂർ മുണ്ടേരിയിലെ ഫാത്തിമ മൻസിലിൽ ഒ.കെ. ഫരീദി (30) നെയാണു കെട്ടിയിട്ടു മർദിച്ചത്. പരിക്കേറ്റ ഫരീദ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഫരീദ് കോഴികൾക്കു തീറ്റ നൽകി വീട്ടിലേക്കു പോകാനിരിക്കെ ഫാമിലെത്തിയ ആറംഗ സംഘം അക്രമം നടത്തിയെന്നാണു പരാതി. ഫരീദ് ധരിച്ച മുണ്ടഴിച്ചാണു ഫാമിനു സമീപത്തുള്ള തെങ്ങിൽ കെട്ടിയിട്ടത്. ഒരു മണിക്കൂറോളം കെട്ടിയിട്ടു മർദിക്കുകയും ഇരുമ്പുപൈപ്പും കല്ലും ഉപയോഗിച്ചു തലയ്ക്കും കാലിനും അടിക്കാൻ ശ്രമിച്ചതായും ഫരീദ് പറയുന്നു.
ഒരു മണിക്കൂറിനു ശേഷം സംഘം പോയതിനു ശേഷമാണു കെട്ടഴിച്ചു രക്ഷപ്പെട്ടതെന്നും ആശുപത്രിയിൽ ചികിൽസ തേടിയതെന്നും ഫരീദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിഫാമിലെത്തിയ സംഘം ഫാമിലെ തൊഴിലാളികളെ മർദിക്കുകയും ഫാം പൂട്ടിയിടുകയും ചെയ്തിരുന്നുവെന്നാണും ഫരീദ് പറയുന്നു.
ഫാം തുറന്നു പ്രവർത്തിക്കരുതെന്നു പറഞ്ഞായിരുന്നു മർദനമെന്നാണു പരാതി. ഫരീദ് മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.