മാഹി: മാഹിയിൽ സിപിഎം- ബിജെപി സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മാഹി മേഖലയിലും കണ്ണൂർ ജില്ലയിലും കനത്ത സുരക്ഷാസന്നാഹം. എംഎസ്പിയുടെ ഒരു കന്പനിയെ തലശേരി മേഖലയിൽ വിന്യസിച്ചു. ജില്ലയ്ക്ക് പുറത്തുള്ള നാലു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടന്ന മാഹി മേഖലയിലെ സുരക്ഷ. മൂന്ന് കന്പനി ദ്രുതകർമ സേനയെ പാനൂർ ഉൾപ്പെടെയുള്ള സംഘർഷമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ജില്ലയിലെ മറ്റ് സംഘർഷമേഖലകളിൽ പോലീസ് പിക്കറ്റിംഗ് ശക്തമാക്കി. വിലാപയാത്ര കടന്നുപോകുന്ന വഴിയരികിലും ദ്രുതകർമസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്ന് 50 പേരടങ്ങുന്ന ഐആർബി ബറ്റാലിയൻ ഉച്ചകഴിഞ്ഞ് രണ്ടോടെ മാഹിയിൽ എത്തിച്ചേരും.
സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് നേതാവ് പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41)എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽകണ്ണൂർ ജില്ലയിലും മാഹിയിലും പൂർണമാണ്. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസിയും അപൂർവ്വം സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമേ സർവീസ് നടത്തുന്നുള്ളൂ.
കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പള്ളൂർ എസ്ഐയുടെ ചുമതല വഹിക്കുന്ന വിബിൻകുമാർ പറഞ്ഞു. മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് നാലംഗസംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പരിയാരം മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാതയായി കൊണ്ടുവരുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.
തലശേരി പുതിയ ബസ്സ്റ്റാൻഡിലും പള്ളൂർ ബിടിആർ മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷമാകും സംസ്കാരം.ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഉച്ചയ്ക്ക് 12 ഓടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വിലാപയാത്രയായി നാട്ടിലേക്കു കൊണ്ടുവരും. രണ്ടരയോടെ മാഹി പാലത്തിന് സമീപം പൊതുദർശനത്തിനു വച്ച ശേഷം മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കണ്ണൂർ പോലീസ് ചീഫ് ജി.ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് തലശേരി മേഖലയിലെ സുരക്ഷ.
അപ്രതീക്ഷിതമായുണ്ടായ കൊലപാതകങ്ങൾ മാഹി മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകങ്ങൾക്ക് ശേഷം മറ്റ് അക്രമസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മാഹി മേഖല വിജനമാണ്. പ്രദേശത്തെ സിപിഎം, ബിജെപി പ്രവർത്തകർ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
അതേസമയം മാഹിയിൽ വേണ്ടത്ര പോലീസുകാരില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. മാഹി പോലീസ് സൂപ്രണ്ട് ആർ.രാധാകൃഷ്ണ, പള്ളുർ എസ്ഐ വിബൽകുമാർ എന്നിവർ അവധിയിലാണ്. രാവിലെ മാഹി – പന്തക്കൽ റൂട്ടിൽ പുതുച്ചേരി സർക്കാരി ന്റെ പിആർടിസി ബസുകൾ രാവിലെ സർവ്വീസ് നടത്തിയെങ്കിലും പിന്നീട് ഓട്ടം നിറുത്തി. സഹകരണ മേഖലയിലെ ബസുകൾ നിരത്തിലിറങ്ങിയില്ല.പുതുച്ചേരിയിൽ നിന്നു മാഹിക്കുള്ള ബസ് രാവിലെ മാഹിയിൽ എത്തി. മേഖലയിൽ പോലീസ് പട്രാളിംഗ് ശക്തമാക്കിയിട്ടുണ്ട്.