അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്! അപ്പോള്‍ തോന്നി, ഇത്രത്തോളം മധുരം മറ്റൊരു പുരസ്‌കാരത്തിനും അംഗീകാരത്തിനും നല്‍കാനാവില്ലെന്ന്; കണ്ണീരണിയിച്ച അനുഭവം പങ്കുവച്ച് സുരാജ് വെഞ്ഞാറമ്മൂട്

ഏതൊരു സിനിമാ നടനെ സംബന്ധിച്ചായാലും ദേശീയ അവാര്‍ഡിനോളം മഹത്വം മറ്റൊന്നിനുമുണ്ടാകില്ല. എന്നാല്‍ സുരാജ് വെഞ്ഞാറമൂടിനെ സംബന്ധിച്ച് അതങ്ങനെയല്ല.

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജിനെ കാത്ത് ഈ അവാര്‍ഡിനെക്കാള്‍ മധുരമുള്ള മറ്റൊരു അംഗീകാരം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല, അതൊരു ചുംബനമായിരുന്നു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ചുംബനം.

ദേശീയ അവാര്‍ഡ് വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആ ചുംബനം സുരാജിന് ലഭിച്ചത്. അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടെ ദേശീയ അവാര്‍ഡിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സുരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ..

ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്‍ക്കുന്നു.

എന്നെ കാണാനേ…എന്റെ കണ്ണ് നിറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അയല്‍പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു, എന്നെ കെട്ടിപ്പിടിക്കുന്നു ഉമ്മവെയ്ക്കുന്നു. ഞാന്‍ തിരിഞ്ഞു. അച്ഛനെവിടെ?

ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വെച്ചിട്ടില്ല. എന്റെ കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍ അവരുടെ അച്ഛന്‍മാര്‍ മോനെ എന്ന് വിളിക്കുന്നതും ഉമ്മ വെയ്ക്കുന്നതും ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

അച്ഛന്‍ മറ്റുള്ളവരോട് ഇവന്‍ എന്റെ മോനാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ എന്നെ മോനെന്ന് വിളിച്ചിട്ടില്ല. എടാ, കുട്ടാ എന്നൊക്കെയാണ് വിളിക്കാറ്. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനല്ല. എനിക്കറിയാം.

പക്ഷേ അന്ന്, അവാര്‍ഡ് വാങ്ങി ചെന്നപ്പോള്‍ അപ്രതീക്ഷിതമായി അച്ഛന്‍ മോനെ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി, ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ലെന്ന്. അച്ഛന്‍ എന്റെ ഹീറോയാണ്.

എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. അമ്മയെയും… മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ.

Related posts