അയ്യന്തോൾ: ഇരട്ടച്ചങ്കനെന്ന് പറയുന്ന മുഖ്യമന്ത്രിയെ പോലീസിന് ഒട്ടും വിലയില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണെന്നും സതീശൻ പറഞ്ഞു.
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കുക, ഇന്ധനവില വർധനവ് പിൻവലിക്കുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ.
പോലീസിനെ നിയന്ത്രിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണ്. ഇത്രമാത്രം പോലീസിനു മേൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ആഭ്യന്തരമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. നിരവധി ആഭ്യന്തരമന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിലും പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കെ ഉണ്ടായത്ര അനിഷ്ടസംഭവങ്ങൾ മറ്റൊരു കാലത്തും കേരളത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പ്രാദേശിക സിപിഎം നേതൃത്വമാണ് കേരളത്തിൽ പോലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്. ഇവർ പറയുന്ന കാര്യങ്ങളാണ് പോലീസുകാർ കേൾക്കുന്നതും അനുസരിക്കുന്നതും. വരാപ്പുഴ കസ്റ്റഡി മരണത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആറു കസ്റ്റഡി മരണങ്ങളുണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, തേറന്പിൽ രാമകൃഷ്ണൻ, വി.ബലറാം, പത്മജ വേണുഗോപാൽ, ടി.യു.രാധാകൃഷ്ണൻ, ടി.വി.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.