കൊല്ലം: പെട്രോൾ പന്പുകൾക്കുള്ള ട്രേഡിംഗ് ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ ജില്ലയിലെ പെട്രോൾ പന്പുകൾ ജൂൺ ഒന്നുമുതൽ അടച്ചിടുമെന്ന് ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
30മുതൽ 40വർഷം വരെ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന പൊതുമേഖലാ എണ്ണ കന്പനികളുടെ പന്പുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസുകൾ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടഞ്ഞ് വച്ചിരിക്കയാണ്.
ഇതിനെതിരേ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ ഭരണകൂടത്തിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അതിനുശേഷവും കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ താത്പര്യം കാണിക്കാത്തത് കൊണ്ടാണ് അടുത്തമാസം ഒന്നുമുതൽ പന്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് മൈതാനം വിജയൻ, സെക്രട്ടറി സഫാ അഷറഫ്, രക്ഷാധികാരി മുരളീധരൻ എന്നിവർ അറിയിച്ചു.