ചിറ്റൂർ: ഇറച്ചിക്കോഴി മാലിന്യം നിക്ഷേപിച്ച് മീൻവളർത്തിയിരുന്ന സ്വകാര്യവ്യക്തിയുടെ കുളത്തിന്റെ ബണ്ട് പൊളിച്ച് നാട്ടുകാർ വെള്ളം തുറന്നുവിട്ടു. അഞ്ചാംമൈൽ കുന്ദംകാട്ടുപതിയിലാണ് സംഭവം. കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് നിരോധിച്ച ആഫ്രിക്കൻ മുഷിയെയാണ് കുളത്തിൽ വളർത്തിയിരുന്നത്.
അഞ്ചാംമൈലിൽനിന്നും ഇറച്ചിക്കോഴി വ്യാപാരികളിൽനിന്നും മാലിന്യം ശേഖരിച്ച് കുളത്തിലെ മീനുകൾക്ക് തീറ്റയായി നല്കുകയായിരുന്നു.
കുളത്തിൽനിന്നുള്ള കടുത്ത ദുർഗന്ധം വീടുകളിലേക്കു പരക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായതോടെ കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പലതവണ പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞത്.
മുന്പ് പ്രദേശത്ത് നാലുകുളങ്ങളിലാണ് ആഫ്രിക്കൻ മുഷിയെ വളർത്തിയിരുന്നത്. ജലക്ഷാമത്തെ തുടർന്ന്് മീൻവളർത്തൽ ഒരു കുളത്തിലേക്കു മാത്രമായി ചുരുക്കുകയായിരുന്നു.
കുളത്തിലെ വെള്ളത്തിന്റെ ഉറവ എത്തി വീട്ടുകിണറുകളിലെ വെള്ളവും ദുർഗന്ധപൂരിതമായെന്നു നാട്ടുകാർ പറഞ്ഞു.
ഇതിനു പുറമേ കുളത്തിനുചുറ്റും തെരുവുനായ്ക്കളും പരുന്തുകളും വിലസുകയാണ്. പക്ഷികൾ മാലിന്യം സമീപത്തെ കിണറുകളിലും മറ്റു ജലസംഭരണികളിലും കൊണ്ടുവന്നു നിക്ഷേപിക്കുന്നതും പതിവാണ്.
ജനങ്ങളുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് അധികൃതർക്ക് പരിസരമലിനീകരണത്തെപ്പറ്റി മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ ജനങ്ങളിൽനിന്നും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് കൊഴിഞ്ഞാന്പാറ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ബേബി പറയുന്നത്.