വൈക്കം: വീടിനോട് ചേർന്നുള്ള ഒരേക്കർ പുരയിടത്തിൽ ജൈവരീതിയിൽ പച്ചക്കറി കൃഷി നടത്തിയ അധ്യാപികയുടെയും ബന്ധുവായ നഴ്സിന്റെയും കൃഷിയിലെ വിജയം സമൂഹത്തിനാകെ പ്രചോദനമാകുന്നു. അയ്യർകുളങ്ങര യുപി സ്കൂളിലെ അധ്യാപിക സൂസൻ സണ്ണി, സഹോദൻ വൈക്കംതുരുത്തിക്കര ബിനോയിയുടെ ഭാര്യ ജിനി ബിനോയി എന്നിവരാണ് ജൈവകൃഷിയിൽ നൂറുമേനി വിളയിച്ചത്.
വീടിനു സമീപത്ത് 60, 40 സെന്റുകളിലായുള്ള രണ്ടു പുരയിടങ്ങളിലാണിവർ കൃഷി ചെയ്തത്. ചീര, വഴുതന, പയർ, പാവയ്ക്ക, പടവലം, മത്തൻ, ചുരയക്ക, മഞ്ഞൾ, ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവയും വിവിധ ഇനം വാഴകളും ഇവർ കൃഷി ചെയ്തു മികച്ച വിളവ് നേടി. ജൈവകാർഷിക ഉൽപ്പന്നങ്ങൾ കൃഷിയിടത്തിൽ ആവശ്യപ്പെട്ടെത്തുന്നവർക്ക് വിറ്റതിനുശേഷം ബാക്കിയുള്ളവ വൈക്കം കൃഷിഭവന്റെ ഇക്കോ ഷോപ്പിലാണു വിൽക്കുന്നത്.
വീട്ടിലെ തൊടിയിൽ മികച്ച കൃഷി നടത്തിയതിന്റെ ആത്മവിശ്വാസത്തിൽ സൂസൻ അയ്യർകുളങ്ങര സ്കൂൾ വളപ്പിലും വിദ്യാർഥികളുമായി ചേർന്ന് കൃഷി നടത്തി. സ്കൂളിലെ കൃഷിയിടത്തിൽ വിളയിച്ച വിഷരഹിതമായ പച്ചക്കറികൾ കൊണ്ടാണു കുട്ടികൾക്ക് സ്വാദിഷ്ടമായ സാന്പാറും തോരനുമൊക്കെ ഉണ്ടാക്കുന്നത്.
ജീവിത ശൈലി രോഗങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്ന തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആഭിമുഖ്യത്തിൽ വികാരി ഫാ. ഫ്രാൻസിസ് ചൂണ്ടലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ മിഷൻ സമ്മിശ്ര കൃഷിയിൽ വിജയംവരിച്ചവരെ തെരഞ്ഞെടുത്തപ്പോൾ മികച്ച കർഷകരായി കണ്ടെത്തിയ രാധാകൃഷ്ണൻ നായർ തോട്ടകം, ജോസ് പോളക്കുഴി തുടങ്ങിയവർക്കൊപ്പം സൂസൻ ടീച്ചറും ജിനി ബിനോയിയും പുരസ്കാരം നേടി.
കൃത്യമായി പരിപാലിച്ചാൽ നേട്ടം കൊയ്യാനാകുന്ന കൃഷി കൂടുതൽ വിപുലമായി നടത്താൻ അധ്യാപികയും നഴ്സും പദ്ധതി തയാറാക്കുകയാണ്. തങ്ങളുടെ ജോലിക്കിടയിലെ ഒഴിവുസമയം കൃഷിക്കായി മാറ്റി വച്ചപ്പോൾ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ച വരുമാനം നേടാനുമായത് വലിയ സംതൃപ്തിയാണ് നൽകുന്നതെന്ന് ഇവർ ഇരുവരും പറയുന്നു.