തൊടുപുഴ: ജില്ലയിൽ അപകടകരമായ രീതിയിൽ ശക്തമായ ഇടിമിന്നൽ സാധ്യതയാണുള്ളതെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്.
തൊടുപുഴ, ദേവികുളം, ഉടുന്പൻചോല, പീരുമേട് താലൂക്കുകളിലാണ് വേനൽ മഴയോടൊപ്പം ഇടിമുഴക്കവും മിന്നലും ഉണ്ടാകാൻ സാധ്യതയെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയത്. വേനൽ മഴയോടൊപ്പം എത്തുന്ന ഇടിമിന്നൽ അതീവ പ്രഹര ശേഷിയുള്ളതായിരിക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. അതിനാൽ മിന്നലിൽ നിന്നും രക്ഷ നേടാനുള്ള മുൻ കരുതൽ സ്വീകരിക്കണമെന്നും ഇവർ വ്യക്തമാക്കി.
ഉച്ചക്കു ശേഷം വരുന്ന വേനൽ മഴയോടൊപ്പമാണ് ശക്തമായ മിന്നലുണ്ടാകുന്നത്. മഴയ്ക്കു മുന്നോടിയായാണ് ശക്തമായ മുഴക്കവും മിന്നലും അനുഭവപ്പെടുന്നത്. മലയോര മേഖലകളിലും തുറസായ പ്രദേശങ്ങളിലുമാണ് മിന്നലേൽക്കാനുള്ള സാധ്യതയേറുന്നത്.
സാധാരണ തുലാമഴയ്ക്കൊപ്പമാണ് ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്നത്. ഈ സമയം വേനൽ മഴയ്ക്കൊപ്പം ഇടമിന്നൽ പതിവുള്ളതല്ല. എന്നാൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലമാണ് ഇപ്പോൾ ശക്തമായ മിന്നലുണ്ടാകുന്നത്.
എല്ലാ വർഷവും ഇടിമിന്നലേറ്റ് മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കുക പതിവാണ്. ഏതാനും ദിവസം മുൻപ് അടിമാലിയിൽ വീടിന്റെ ഇറയത്തിരുന്ന വയോധികൻ മിന്നലേറ്റ് മരിച്ചിരുന്നു. ഇത്തരത്തിൽ മലയോര മേഖലകളിലും ഉയർന്ന കുന്നിൻ ചെരിവുകളിലുമാണ് മിന്നലേറ്റുള്ള അപകടങ്ങൾ പതിവാകുന്നത്.
ഇതു കൂടാതെ ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിക്കുന്നതും പതിവാണ്. വയറിംഗ് കത്തി നശിച്ചുണ്ടാകുന്ന നഷ്ടവും അപകടങ്ങളും ഇതിനു പുറമെ വരും.
ജില്ലയിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മിന്നൽ ഭീഷണി നില നിൽക്കുന്ന കേന്ദ്രങ്ങളാണ്. വാഗമണ്ണിലെ മൊട്ടക്കുന്നുകളാണ് ഇതിൽ പ്രധാനം. ഇവിടെ വ്യാപകമായ രീതിയിൽ തുറസായ മേഖലകളായതിനാൽ ഇവിടെ മിന്നലേൽക്കാനുള്ള സാധ്യതകളും കൂടുതലാണ്.
കഴിഞ്ഞ ദിവസം മുണ്ടൻമുടിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. തെക്കൻചേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയമാണ് മരിച്ചത്. മുറിയിലിരുന്ന് പ്രാർഥിക്കുകയായിരുന്ന മേരിക്കു മിന്നലേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ മേരിയെ അയൽവാസികളുടെ നേതൃത്വത്തിൽ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടാതെ കഴിഞ്ഞ ദിവസം വെള്ളിയാമറ്റം സ്വദേശിയായ യുവാവിനും ഇടിമിന്നലിൽ പരിക്കേറ്റിരുന്നു. വെള്ളിയാമറ്റം കൊന്താലപ്പള്ളി പഴയിടത്ത് ഷാലറ്റിന്റെ മകൻ മാർട്ടിൻ (20)നാണ് ഇടിമിന്നലേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കലയന്താനി പള്ളിക്കു സമീപത്തുള്ള ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്തു നിൽക്കുന്പോഴാണ് മാർട്ടിന് ഇടിമിന്നലേൽക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുകയാണ് മാർട്ടിൻ.
ഏതാനും വർഷങ്ങൾക്ക് മുൻപ് വാഗമണ്ണിനു സമീപം ഐസ്ക്രീം വിൽപ്പനക്കാർ മിന്നലേറ്റു മരിച്ചിരുന്നു. പുള്ളിക്കാനം എസ്റ്റേറ്റിൽ അയൽക്കൂട്ടം മീറ്റിംഗിൽ പങ്കെടുത്തിരുന്ന സ്ത്രീകൾ മിന്നലേറ്റ് മരിച്ചതും ഏതാനും വർഷം മുൻപാണ്.
തുറസായ സ്ഥലമുള്ള രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രവും സമാന രീതിയിൽ ഭീഷണിയുള്ള മേഖലയാണ്. ഇടുക്കി-കോട്ടയം അതിർത്തി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയും മിന്നൽ ഭീഷണിയുള്ള സ്ഥലമാണ്. ഇവിടെയും തുറസായ സ്ഥലമുള്ളതിനാൽ അപകട ഭീഷണി ഏറെയാണ്. വർഷങ്ങൾക്ക് മുൻപ് രണ്ടു യുവാക്കൾ ഇവിടെ മിന്നലേറ്റ് മരിച്ചിരുന്നു.
മുൻ കരുതലുകൾ സ്വീകരിക്കാം
ശക്തമായ മിന്നലുള്ളപ്പോൾ വീട്ടിലായാലും പുറത്തായാലും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണം. തുറസായ സ്ഥലങ്ങളിലും ഉയരമുള്ളതും ഒറ്റപ്പെട്ടതുമായ മരങ്ങളുടെ ചുവട്ടിലും നിൽക്കരുത്. വീടുകളിൽ കഴിവതും വാതിലിനും ജനലിലും അടുത്തു നിന്ന് മാറി മുറിയുടെ നടുക്കായി നില കൊള്ളുക. ആഭരണങ്ങൾ ധരിക്കുകയോ ലോഹഭാഗങ്ങളിൽ സ്പർശിക്കുകയോ ചെയ്യരുത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. കഴിവതും വൈദ്യുതി മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. മോബൈൽ ഫോണിലോ ലാൻഡ് ഫോണിലോ സംസാരിക്കാതിരിക്കുക. മിന്നലേറ്റാൽ ഉടൻ തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകുക. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കുക.