കോട്ടയം: ടയർ ക്ഷാമത്തെത്തുടർന്ന് വിവിധ ഡിപ്പോകളിലായി 42 കെഎസ്ആർടിസി ബസുകൾ ഓട്ടം നിർത്തി. കോട്ടയം ഡിപ്പോയിലെ 110 ബസുകളിൽ 25 എണ്ണം ഓടുന്നില്ല.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതോടെ കളക്ഷനിൽ ശരാശരി പത്തു ലക്ഷം രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഈ മാസം ജില്ലയിൽ മാത്രം മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കുടിശിക നൽകാത്തതിനാൽ ടയർ കന്പനികൾ ഒന്നടങ്കം ടയർ നൽകാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അടുത്തയാഴ്ച വരെ ടയർക്ഷാമം തുടരുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കുമളി ഡിപ്പോയിൽ 12 ബസുകൾ റദ്ദാക്കിയിട്ടുണ്ട്. കോട്ടയം- കുമളി, കോട്ടയം- കട്ടപ്പന റൂട്ടിലാണ് ഏറ്റവും പ്രതിസന്ധിയുണ്ടായത്.
സ്പെയർ പാർട്സിനും എല്ലാ ഡിപ്പോകളിലും ക്ഷാമമുണ്ട്. ഇരുപതിനായിരം രൂപ കളക്ഷനുള്ള മലബാർ, തിരുവനന്തപുരം സർവീസുകളും മുടങ്ങിയതിൽപ്പെടുന്നു. എൻട്രൻസ് പരീക്ഷകൾക്കും വിവിധ ടെസ്റ്റുകൾക്കും പോകുന്നവരാണ് ബസ് ക്ഷാമത്തിൽ കൂടുതൽ വലയുന്നത്.