ഒറ്റപ്പാലം: സ്കോളർഷിപ്പ് അന്വേഷിച്ച് വിദ്യാർഥികളും മറുപടി പറഞ്ഞ് നഗരസഭ, ഗ്രാമപഞ്ചായത്ത് അധികൃതരും വലഞ്ഞു. പത്താംക്ലാസിൽ 75 ശതമാനത്തിലധികം മാർക്കുവാങ്ങി വിജയിച്ചവർക്ക് കേന്ദ്രസർക്കാർ പതിനായിരം രൂപ സ്കോളർഷിപ്പ് നല്‍കുന്നുണ്ടെന്ന പ്രചാരണമാണ് ഇതിനു കാരണം.
സ്കോളർഷിപ്പ് അപേക്ഷാഫോറം അന്വേഷിച്ച് ദിനംപ്രതി വിദ്യാർഥികളും രക്ഷിതാക്കളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ്.ഇത്തരം പദ്ധതിയില്ലെന്നും കബളിപ്പിക്കാൻവേണ്ടി ആരൊക്കയോ ചെയ്യുന്ന വേലത്തരങ്ങൾ മാത്രമാണിതെന്നുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചിലരുമായി കശപിശയും വാക്കുതർക്കവും പതിവാണ്.
ഫോറം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായതിനാൽ മറച്ചുവയ്ക്കുന്ന ആരോപണവും ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നു. മൊബൈൽ ഫോണുകളിലെ നവമാധ്യമങ്ങളിൽ വന്ന സന്ദേശങ്ങൾ ഉയർത്തിക്കാട്ടിയാണ് പലരും ഉദ്യോഗസ്ഥന്മാരുമായി തർക്കിക്കുന്നത്. മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥരും. വാർഡ് മെംബർമാരേയും കൗണ്‍സിലർമാരേയും തേടിയെത്തുന്നവരും ധാരാളം.
വിവരവും വിദ്യാഭ്യാസവുമുള്ളവർപോലും സ്കോളർഷിപ്പിന്റെ കാര്യത്തിൽ നിജസ്ഥിതി അന്വേഷിക്കാതെ ഷെയർ ചെയ്യുന്നതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. അതേസമയം ചില കൗണ്‍സിലർമാരും മെംബർമാരുംവരെ അപേക്ഷാഫോറം ചോദിച്ചെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉപരിപഠനത്തിനു സാധ്യതതേടി പോകുന്നതിനുമുന്പ് കബളിപ്പിക്കലിനു ഇരയായ സ്ഥിതിയാണ് വിദ്യാർഥികൾക്കുള്ളത്. പ്ലസ് ടുവിനു 75 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിക്കുന്നവർക്കും 25,000 രൂപ ലഭിക്കുമെന്നും പ്രചാരണമുണ്ട്.