മാഹി: രണ്ടു കുടുംബങ്ങളെ അനാഥരാക്കി രാഷ്ട്രീയ കാപാലികത്വത്തിന്റെ കൊലക്കത്തിക്കിരയായ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിനും ബിജെപി പ്രവർത്തകൻ ന്യൂമാഹി പെരിങ്ങാടിയിലെ ഷമേജിനും നാട് കണ്ണീരോടെ വിട നൽകി.
വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ബാബുവിന്റെ മൃതദേഹം പള്ളൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. തലശേരി പുതിയ ബസ്സ്റ്റാൻഡിലും പള്ളൂർ ബിടിആർ മന്ദിരത്തിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, പി.കെ. ശ്രീമതി എംപി, എംഎൽഎമാരായ ഇ.പി. ജയരാജൻ, എ.എൻ.ഷംസീർ,സിപിഎം തലശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
മൃതദേഹം വീട്ടിലെത്തിയതോടെ വീടിനുള്ളിൽനിന്നും അലമുറയുയർന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും വിതുന്പി. ബാബുവിന്റെ അമ്മ സരോജിനിയും ഭാര്യ അനിതയും മക്കളായ അനാമിക, അനുപ്രിയ, അനുനന്ദ് എന്നിവരും അന്ത്യചുംബനം നൽകി. മകൻ അനുനന്ദാണ് ചിതയ്ക്ക് തീകൊളുത്തിയത്.
സംസ്കാര ചടങ്ങിനുശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പി.ജയരാജൻ, പി.കെ. ശ്രീമതി , എംഎൽഎമാരായ ഇ.പി. ജയരാജൻ, എ.എൻ. ഷംസീർ, നേതാക്കളായ രമേഷ് പറമ്പത്ത്, മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഷമേജിന്റെ മൃതദേഹം മാഹി പാലത്തിന് സമീപം ന്യൂമാഹി ടൗണിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബിജെപി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. വൈകുന്നേരം 5.30 ഓടെയെത്തിയ മൃതദേഹം 5.50 വരെ ന്യൂമാഹി ടൗണിൽ പൊതുദർശനത്തിന് വച്ചു.
തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ വായനശാലയിലും പെരിങ്ങാടിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. കുടുംബാംഗങ്ങളുടെ കൂട്ട നിലവിളി കണ്ടുനിന്നവരെ വേദനിപ്പിക്കുന്നതായി. തുടർന്ന് ഏഴോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഷമേജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി വീട്ടിലുമെത്തിയിരുന്നു. ആർഎസ്എസ് കേരള പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി മാസ്റ്റർ, സഹ ക്രാന്തപ്രചാരക് എസ്.സുദർശൻ, കേരള പ്രാന്ത സമ്പർക്ക പ്രമുഖ് പി.പി.സുരേഷ് ബാബു തുടങ്ങി സംഘ്പരിവാർ സംഘടനകളുടെ ഒട്ടേറെ നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
ആർഎസ്എസ് -ബിജെപി നേതാക്കളായ സി.കെ.പദ്മനാഭൻ ,കെ.കെ.വിനോദ്കുമാർ, കെ.വിജയകുമാർ, വി.പി.ഷാജി, വി.മണിവർണ്ണൻ, എം.പി.സുമേഷ്, ശ്യാം മോഹൻ തുടങ്ങിയവർ ചേർന്നാണ് ന്യൂ മാഹി ടൗണിൽനിന്നും മൃതദേഹം ഏറ്റുവാങ്ങിയത്.
ഷമേജ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ അത്താണി നഷ്ടപ്പെട്ടത് രണ്ട് കുടുംബങ്ങള്‍ക്ക്
തലശേരി: കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ബിജെപി പ്രവര്ത്തകന് ഷമേജ് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായപ്പോള്‍ അത്താണി നഷ്ടപ്പെട്ടത് രണ്ട് കുടുംബങ്ങള്‍ക്ക്. പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ മാധവൻ-വിമല ദമ്പതികള്‍ക്ക് ഏക ആണ്‍തരി നഷ്ടപ്പെട്ടപ്പോള്‍ ദീപയ്ക്ക് നഷ്ടപ്പെട്ടത് പ്രിയ ഭര്‍ത്താവിനെ. ഒൻപത് വയസുകാരനായ മകന് അഭിനവിന് പ്രിയ പിതാവ് തിരിച്ചുവരില്ലെന്ന് അറിയാന്‍ ഇനിയും നാളുകളെടുക്കും.
മാതാപിതാക്കളും സഹോദരിയും തറവാട്ടുവീട്ടിലും തൊട്ടടുത്തായി പുതുതായി നിര്‍മിച്ച വീട്ടില്‍ ഷമേജും കുടുംബവുമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മാഹി ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരിക്കെയാണ് പള്ളൂരില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന് വെട്ടേറ്റ വിവരം ഷമേജ് അറിയുന്നത്.
ഉടന്‍തന്നെ ഓട്ടോറിക്ഷയുമായി വീട്ടിലേക്ക് തിരിച്ചു. വീടിനു വിളിപ്പാടകലെ വച്ച് ബൈക്കിലെത്തിയ അക്രമിസംഘം ഷമേജിന്റെ ഓട്ടോറിക്ഷ തടഞ്ഞു. വെട്ടേറ്റ ഷമേജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.