ഒരു പിറന്നാളാഘോഷത്തിലൂടെ താരമായിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന് എന്ന യുവാവ്. കഴിഞ്ഞദിവസം ഭാര്യയുടെ പിറന്നാളിന് വ്യത്യസ്തരീതിയില്‍ ഇദ്ദേഹം കേക്ക് മുറിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നാളെ തന്റെ പിറന്നാളാണെന്നും അതിന് കേക്ക് മുറിക്കണമെന്നും കഴിഞ്ഞദിവസം ഭാര്യ ഗീത, പവിത്രനോട് ആവശ്യപ്പെട്ടു.
പിറന്നാള്‍ കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് ഒരു പുതിയ ആശയമുദിച്ചത്. തനിക്ക് അന്നം തരുന്ന, മരം വെട്ടുകാരനായ തന്റെ ആയുധമുപയോഗിച്ച് കേക്ക് മുറിക്കുക. തീരുമാനം വീട്ടുകാരും അംഗീകരിച്ചതോടെ മരം വെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു.
ഈ ദൃശ്യം സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി, വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തതോടെ പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പവിത്രന്റെ പിറന്നാളാഘോഷം ഹിറ്റായി. ദൃശ്യം കണ്ട ഗള്‍ഫിലുള്ള സുഹൃത്ത് വിളിച്ചപ്പോഴാണ് ഭാര്യയുടെ പിറന്നാളാഘോഷം വൈറലായ കാര്യം പവിത്രനറിയുന്നത്. ലോകം മുഴുവനുമുള്ള മലയാളികള്‍ ഇപ്പോള്‍ പവിത്രന്റെയും ഭാര്യയുടെയും പിറന്നാളാഘോഷം കണ്ടാസ്വദിക്കുകയാണ്.