ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം പതിപ്പിൽ പ്ലേ ഓഫ് ലക്ഷ്യംവച്ചുള്ള കുതിപ്പിൽ പ്രമുഖ ടീമുകൾക്ക് കാലിടറുന്നു. എട്ട് ടീമുകളിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഏവരെയും ആശ്ചര്യപ്പെടുത്തുകയും അന്പരിപ്പിക്കുകയും ചെയ്ത സംഘമാണ് സണ്‍റൈസേഴ്സിന്റേത്. 10 കളിയിൽ 16 പോയിന്റുമായി സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. തുടർച്ചയായി അഞ്ച് ജയങ്ങളുമായി കുതിക്കുകയാണ് സണ്‍റൈസേഴ്സ്.
മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റൻ
സണ്‍റൈസേഴ്സിന്റെ കുതിപ്പിൽ നായകൻ കെയ്ൻ വില്യംസണിന്റെ സംഭാവന വലുതാണ്. പന്ത് ചുരുണ്ടലുമായി ബന്ധപ്പെട്ട് ഡേവിഡ് വാർണറെ ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെൻഡ് ചെയ്തതിനാലാണ് വില്യംസൺ നായകനായത്. വാർണർ ഇല്ലാത്തത് ടീമിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്നു കണക്കുകൂട്ടിയവരെ അദ്ഭുതപ്പെടുത്തി കിവീസ് നായകന്റെ ചുമലിലേറിയാണ് ടീം കുതിക്കുന്നത്. ഈ ഐപിഎൽ സീസണിലെ ഏക വിദേശ നായകനും വില്യംസണാണ്.
ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും വില്യംസണ് ഒരേപോലെ മികവ് പ്രകടിപ്പിക്കുകയാണ്. 10 മത്സരങ്ങളിൽ 51.25 ശരാശരിയിൽ 410 റണ്‍സ് വില്യംസണിന്റെ ബാറ്റിൽനിന്ന് പിറന്നു. ടീമിലെ മറ്റ് ബാറ്റ്സ്മാന്മാർ പരാജയപ്പെടുന്പോളും ഉത്തരവാദിത്വം മുഴുവൻ സ്വന്തം തേളിലേറ്റി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയും ചെയ്യുന്നു. കെയ്ൻ അഞ്ച് അർധ സെഞ്ചുറി നേടിയ മത്സരങ്ങളിലും സൺറൈസേഴ്സ് ജയിച്ചു.
മികവാർന്ന ബൗളിംഗ്
ഭുവനേശ്വർ കുമാർ, റഷീദ് ഖാൻ, ഷക്കീബ് അൽ ഹസൻ, സിദ്ധാർഥ് കൗൾ എന്നിവരാണ് സണ്‍റൈസേഴ്സിന്റെ ബൗളിംഗ് ആയുധങ്ങൾ. ഇവരുടെ പ്രകടനം നായകന്റെ ജോലി പകുതിയായി കുറച്ചു. 13 വിക്കറ്റ് വീതമുള്ള കൗളും റഷീദും വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്. ഇവരാണ് സണ്‍റൈസേഴ്സിന്റെ ചെറിയ സ്കോർ പോലും പ്രതിരോധിച്ച് നിർത്തുന്നത്. നിർണാക സമയത്ത് വിക്കറ്റ് വീഴ്ത്തി ഇവർ ടീമിനെ വിജയിപ്പിക്കുന്നു. ബൗളിംഗിൽ സണ്‍റൈസേഴ്സ് പുലർത്തുന്ന മികവ് ആവേശകരമായ മത്സരങ്ങളാണ് സൃഷ്ടിക്കുന്നത്.
ഈ സീസണിൽ നാലു തവണ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സണ്‍റൈസേഴ്സ് നാലു പ്രാവശ്യവും സ്കോർ പ്രതിരോധിച്ചു. മുംബൈ ഇന്ത്യൻസിനെതിരേ 118, കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ 132, രാജസ്ഥാൻ റോയൽസിനെതിരേ 151, റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിനെതിരേ 146 എന്നിവങ്ങനെയായിരുന്നു സ്കോർ.
മുംബൈ ഇന്ത്യൻസിനെതിരേ ഏപ്രിൽ 24ന് വാങ്കഡെയിൽ നടന്ന മത്സരത്തിലാണ് സണ്‍റൈസേഴ്സിന്റെ ബൗളിംഗ് കരുത്ത് പുറത്തുവന്ന പ്രധാന മത്സരം. മത്സരത്തിൽ രണ്ടു ടീമിന്റെയും ബൗളിംഗ് ഗംഭീരമായിരുന്നു. എന്നാൽ 118 റണ്‍സ് പ്രതിരോധിക്കാനെത്തിയ ഹൈദരാബാദ് ബൗളർമാർ മികവ് പുറത്തെടുത്തപ്പോൾ മുംബൈയുടെ പോരാട്ടം 87 റണ്‍സിൽ അവസാനിച്ചു.
സണ്‍റൈസേഴ്സിന് 31 റണ്‍സിന്റെ ജയം. ഇതുപോലെ തന്നെ ഏപ്രിൽ 26ന് സണ്‍റൈസേഴ്സ് 132 റണ്‍സ് പ്രതിരോധിച്ചപ്പോൾ കിംഗ്സ് ഇലവൻ 119 റണ്‍സിന് 19.2 ഓവറിൽ എല്ലാവരും പുറത്തായി. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സിനെതിരേ നേടിയ 146 റണ്‍സും പ്രതിരോധിച്ചു. ബംഗളൂരുവിന് 20 ഓവറിൽ ആറു വിക്കറ്റിന് 141 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഭാഗ്യം കരുത്തർക്കൊപ്പം
എതിരാളികളെ പരാജയപ്പെടുത്താൻ ഒരു ടീമിനെ ഭാഗ്യവും തുണയ്ക്കാം. ഇതുവരെ ഈ ഭാഗ്യം സണ്‍റൈസേഴ്സിനൊപ്പമായിരുന്നു. തിങ്കളാഴ്ച ആർസിബി നായകൻ വിരാട് കോഹ്ലിയെ 33ൽവച്ച് വില്യംസണ് സ്ലിപ്പിൽ വിട്ടുകളഞ്ഞു. കൂടാതെ മനൻ വോറ ഏഴിൽ നിൽക്കുന്പോൾ സിദ്ധാർഥ് കൗളും ക്യാച്ച് നഷ്ടപ്പെടുത്തി. ഒടുവിൽ കോഹ്ലിയും വോറയും പുറത്തായി. ഹൈദരാബാദ് ജയിക്കുകയും ചെയ്തു.
ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും ജയിച്ചശേഷം രണ്ടു തുടർതോൽവികൾ, കിംഗ്സ് ഇലവൻ പഞ്ചാബ് (15 റണ്‍സ് തോൽവി), ചെന്നൈ സൂപ്പർ കിംഗ്സ് (നാലു റണ്‍സ് തോൽവി) എന്നിവയ്ക്കെതിരേ. ഇതിനുശേഷം നായകൻ വില്യംസണിന്റെ ബാറ്റ് ശബ്ദിച്ചതോടെ ജയം കൂടെപ്പോന്നു തുടങ്ങി.
ശിഖർ ധവാൻ ( ഒന്‍പത് കളിയിൽ 198 റണ്‍സ്), യൂസഫ് പഠാൻ (10 കളിയിൽ 186 റണ്‍സ്), മനീഷ് പാണ്ഡെ (10 കളിയിൽ 184) എന്നിവർക്ക് വൻ സ്കോറുകൾ ഉണ്ടാക്കാനാകുന്നില്ല. ഇവരും ഫോമിലെത്തിയാൽ സണ്‍റൈസേഴ്സിനെ പിടിച്ചാൽ കിട്ടാത്ത തലത്തിലെത്തും.