ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ടം നിലവിലിരിക്കെ കണ്‍സ്യൂമർ ഫെഡിൽ സ്ഥലം മാറ്റ ഉത്തരവ്. റീജണൽ മാനേജരുടെ നടപടി വിവാദമായതോടെ തിങ്കളാഴ്ച വൈകുന്നേരം ഉത്തരവ് പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞ നാലിനാണ് കണ്‍സ്യൂമർ ഫെഡ് ആലപ്പുഴ റീജിയണൽ ഓഫീസിന് കീഴിലെ 14 ജീവനക്കാരെ വിവിധ കണ്‍സ്യൂമർ ഫെഡ് സ്ഥാപനങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവായത്. സ്ഥിരം ജീവനക്കാരും കണ്‍സോളിഡേറ്റഡ് ജീവനക്കാരും ഉൾപ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയത്.
റീജയണൽ മാനേജരുടെ സ്ഥലം മാറ്റം ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ജീവനക്കാരുടെ ഇടയിൽ ഉയർന്നിരുന്നു. ഇതോടൊപ്പം നടപടി പെരുമാറ്റചട്ട ലംഘനമാണെന്ന ആക്ഷേപവുമുയർന്നു. മാനേജരുടെ ഉത്തരവ് കണ്‍സ്യൂമർ ഫെഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തിരമായി സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്.
വിവാദ ഉത്തരവിൽ കണ്‍സ്യൂമർ ഫെഡ് ആലപ്പുഴ റീജിയണിന് കീഴിലെ പ്രധാന സ്ഥാപനത്തിന്റെ ചുമതലക്കാരനായി സ്ഥിരം ജീവനക്കാരനെ മാറ്റി കണ്‍സോളിഡേറ്റഡ് ജീവനക്കാരനെ നിയോഗിച്ചതടക്കമുള്ള നടപടികളാണുണ്ടായിരുന്നത്.