നെടുമ്പാശേരി: വിദേശികൾ വഴി കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതിന്റെ പ്രധാന പ്രഭവകേന്ദ്രം ബ്രസീൽ ആണെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കെയ്നുമായി നെടുമ്പാശേരിയിൽ പിടിയിലായ നാല് വിദേശികളും ബ്രസീലിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിടിയിലായ വിദേശികളിൽ ഒരു വനിതയും ഉൾപ്പെടുന്നു.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായ ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ജോണി അലക്സാണ്ടറിൽ നിന്നും 10 കോടി രൂപ വിലവരുന്ന രണ്ട് കിലോഗ്രാം കൊക്കെയ്നാണ് പിടികൂടിയത്. കേന്ദ്ര നർകോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
വിദേശികളെ കാരിയർമാരാക്കി നെടുമ്പാശേരി വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായുള്ള രഹസ്യ റിപ്പോർട്ടുകളെ തുടർന്ന് നർകോട്ടിക് ബ്യൂറോ വിഭാഗം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ടൂറിസ്റ്റ് വിസയിൽ കേരളം ചുറ്റി സഞ്ചരിക്കാൻ എന്ന വ്യാജേനയാണ് ഇത്തരക്കാർ കേരളത്തിലേക്ക് എത്തുന്നത്.
കൊച്ചി, ഗോവ എന്നിവിടങ്ങളിൽ നടക്കുന്ന നിശാപാർട്ടികളിൽ വൻതോതിൽ മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നുണ്ട്. വിദേശികൾ വഴി എത്തുന്ന മയക്കുമരുന്ന് ശേഖരം ഇവിടങ്ങളിലേക്കാണ് എത്തിക്കുന്നത്. ഒരു വർഷത്തിനിടെ നെടുമ്പാശേരിയിൽ പിടിയിലായിട്ടുള്ള 86 കോടി രൂപയുടെ മയക്കുമരുന്നിൽ 53 കോടി രൂപയുടെ മയക്കുമരുന്നും എത്തിയത് ബ്രസീലിൽ നിന്നാണ്.
കഴിഞ്ഞ വർഷം ഡിസംബർ 14 ന് മൂന്ന് കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി നെടുമ്പാശേരിയിൽ പിടിയിലായ വെനസ്വേല സ്വദേശി ഹാർലി ഗബ്രിയേൽ കാസ് ലോയും ബ്രസീലിൽ നിന്നും ദുബായ് വഴിയാണ് നെടുമ്പാശേരിയിൽ എത്തിയത്.
ഇയാൾ വിഴുങ്ങിയിരുന്ന പ്രത്യേകമായി തയാറാക്കിയ കൊക്കെയ്ൻ നിറച്ച 110 ക്യാപ്സ്യൂളുകൾ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചാണ് പുറത്തെടുത്തത്. കഴിഞ്ഞ നവംബർ 20ന് 15 കോടി രൂപ വിലവരുന്ന മൂന്ന് കിലോഗ്രാം കൊക്കയിനുമായി പിടിയിലായ പരാഗ്വേ സ്വദേശി അലക്സിറ്റയാർഡ ഫെർണാണ്ടസും ബ്രസീലിൽ നിന്നും ദുബായ് വഴിയാണ് എത്തിയത്.
ഈ വർഷം ജനുവരിയിൽ പിടിയിലായ ഫിലിപ്പീൻസ് യുവതി ബിയാഗ് ജോന്ന ഡി ടോറസും ബ്രസീലിൽ നിന്നും മസ്കറ്റ് വഴിയാണ് മയക്കുമരുന്ന് എത്തിച്ചത്.25 കോടി രൂപ വിലവരുന്ന അഞ്ച് കിലോഗ്രാം കൊക്കെയ്നാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇത് കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും മലയാളികൾ വഴി ഗൾഫ് നാടുകൾ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്നുണ്ട്. മാരക ശേഷിയുള്ള എംഡിഎംഎ മുതൽ കൊക്കെയ്ൻ വരെ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈറ്റിലേക്ക് കടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 30 കോടി രൂപയുടെ മെഥലിൽ ഡയോക്സി മെഥാഫിറ്റമിൻ (എംഡി എംഎ) എന്ന മയക്കുമരുന്നുമായി രണ്ട് പാലക്കാട് സ്വദേശികൾ വിമാനത്താവള റോഡിൽ വച്ച് ഡിആർഐ വിഭാഗത്തിന്റെ പിടിയിലായിരുന്നു.
ഇതിനിടെ എയർ കാർഗോ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് രണ്ട് തവണ ഡിആർഐ പിടിച്ചെടുത്തിരുന്നു. 2017 ഒക്ടോബർ 13ന് ഒരു കോടി രൂപ വിലവരുന്ന 18 കിലോഗ്രാം എഫഡ്രിനും, ഓഗസ്റ്റ് 4ന് 1.65 കോടി രൂപയുടെ എഫഡ്രിനുമാണ് പിടിച്ചെടുത്ത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കേസുകളിലെ അന്വേഷണം പലപ്പോഴും പാതിവഴിയിൽ അവസാനിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. വിദേശികൾ പിടിയിലാകുന്ന കേസുകളിൽ ഒരു പരിധിക്കപ്പുറം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്നില്ല.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുന്നത് അന്താരാഷ്ട്ര ബന്ധമുള്ള മാഫിയകൾ ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വിപണനത്തിന്റെ ഹബ്ബാക്കി നെടുമ്പാശേരിയെ മാറ്റുകയാണോയെന്ന സംശയവും ബലപ്പെടുകയാണ്.