അഗളി: പൊട്ടിപ്പൊളിഞ്ഞ റോഡ് ശാപമായി മാറിയതോടെ ആദിവാസികളും മലയോര കർഷകരും സ്വയംപീഡിത സമരം തുടങ്ങി. ജല്ലിപ്പാറ- കണ്ടിയൂർ നിവാസികളാണ് തങ്ങളുടെ ഗ്രാമത്തിലേക്കുള്ള ബസ്, ടാക്സി വാഹനങ്ങൾ മുടക്കിക്കൊണ്ടുള്ള സമരം തുടങ്ങിയത്.
ജല്ലിപ്പാറയിൽ നിന്നും കണ്ടിയൂരിലേക്കുള്ള രണ്ടരക്കിലോമീറ്റർ പിഡബ്ല്യുഡി റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. കുണ്ടുംകുഴിയും നാട്ടുകാരും ടാക്സിക്കാരും ചേർന്ന് പലതവണ നികത്തിയിരുന്നെങ്കിലും മഴ തുടങ്ങിയതോടെ കാൽനടപോലും അസാധ്യമായി.
താവളത്തുനിന്നും കണ്ടിയൂർവരെ ഗ്രാമീണ്‍ സഡക് യോജന പ്രകാരം നിർമാണം നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ടരക്കിലോമീറ്റർ റോഡിന്റെ പണിയാണ് മുടങ്ങിക്കിടക്കുന്നത്. പാലക്കാട് രൂപതയിലെ പ്രധാന തീർഥാടന കേന്ദ്രമായ ജല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലത്തിലെ കുരിശുമലയിലേക്കും പ്രസിദ്ധമായ സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്കും കടന്നുചെല്ലാനുള്ള കവാടമായ റോഡാണ് ഇത്തരത്തിൽ നശിച്ചുകിടക്കുന്നത്.
റോഡ് തകർന്നതോടെ ഗർഭിണികളെയും രോഗികളെയും മുളങ്കന്പിൽ ചണച്ചാക്ക് തുന്നിപ്പിടിപ്പിച്ച മഞ്ചലിൽ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കേണ്ട അവസ്ഥയിലാണ്. റോഡിന്റെ ദുരവസ്ഥ കാരണം നിരവധി വിവാഹാലോചനകളും മുടങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഭൂമിയുടെ ക്രയവിക്രയങ്ങൾ നടക്കാതായി. അധികൃതരുടെ കണ്ണുതുറക്കാനാണ് ഇപ്പോൾ സഹനസമരം തുടങ്ങിയതെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ രാവിലെ എട്ടുമുതൽ പ്രദേശത്തേക്കുള്ള ബസ്, ടാക്സി സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. നാളെ വൈകുന്നേരം അഞ്ചിന് ജല്ലിപ്പാറ ജംഗ്ഷനിൽ പ്രതിഷേധ പൊതുയോഗവും പത്രസമ്മേളനവും നടത്തുമെന്നും സമരത്തിന്റെ ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും നാട്ടുകാർ പറഞ്ഞു.