റോഡിനെക്കുറിച്ച് പരാതി പറഞ്ഞ അധ്യാപകന്റെ കൈയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിച്ച് കേന്ദ്രമന്ത്രി! പൊതുവേദിയില്‍ അഭിപ്രായപ്രകടനം നടത്തി ആളാവരുതെന്ന് ഭീഷണിയും; റെയില്‍വേ മന്ത്രി രാജന്‍ ഗൊവാനെതിരെ പ്രതിഷേധം കനക്കുന്നു

പ്രസംഗം കൊണ്ട് ജനത്തിന്റെ ആവശ്യങ്ങള്‍ നടക്കില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന വന്നയുടന്‍ പ്രസംഗം കൊണ്ട് കാര്യമില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി. ജില്ലയിലെ റോഡുകളുടെ അവസ്ഥ മോശമാണെന്നു പൊതുവേദിയില്‍ പ്രസംഗിച്ച അധ്യാപകന്റെ കൈയ്യില്‍ നിന്നും കേന്ദ്രമന്ത്രി മൈക്ക് പിടിച്ചുവാങ്ങിയ സംഭവമാണ് ചര്‍ച്ചയായിരിക്കുന്നത്.

അസമാലെ നാഗോണില്‍ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിനിടയിലായിരുന്നു സംഭവം. ചടങ്ങില്‍ ഉദ്ഘാടകനായ റെയില്‍വേ മന്ത്രി രാജന്‍ ഗൊവാനാണ് വിരമിച്ച അധ്യാപകനു നേരെ ഭീഷണിയുമായി എത്തിയത്. റോഡിന്റെ ശോചനീയ അവസ്ഥയ്ക്കെതിരെ ഒരുപാട് നിവേദനങ്ങള്‍ നല്‍കിയെന്നും ഉദ്യോഗസ്ഥരെ സമീപിക്കുന്നതല്ലാതെ പരിഹാരമില്ലെന്നും അധ്യാപകന്‍ പൊതുപരിപാടിയിലെ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

ഒരു വര്‍ഷത്തിലധികമായി അമലാബതി ബിബി റോഡിന്റെ സബ് വേ റോഡ് തകരാറിലായി കിടക്കുകയാണ്. പുതിയ എം എല്‍ എ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും അപേക്ഷകള്‍ സമര്‍പിച്ചതല്ലാതെ മറുപടിയില്ലെന്നുമാണ് അധ്യാപകന്‍ പ്രസംഗിച്ചത്. ഇതു കേട്ട് പ്രകോപിതനായ മന്ത്രി ഉടന്‍ തന്നെ അധ്യാപകന്റെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.

‘ഭരണകൂടത്തോടോ തന്നോടോ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും പൊതുവേദിയില്‍ അഭിപ്രായ പ്രകടനം നടത്തരുത്’ എന്നുമാണ് രാജന്‍ ഗോഗെയില്‍ ഭീഷണിപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം നിരവധിയാളുകള്‍ മന്ത്രിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

 

Related posts