വടകര: വടകരയിൽ കോഴിയിറച്ചിക്ക് കൊള്ള വില. ഒരു കിലോ കിട്ടാൻ ഇരുന്നൂറു രൂപ കൊടുക്കണം. കോഴി കിട്ടാനില്ലെന്ന് പറഞ്ഞ് തോന്നുംപടി വില കൂട്ടുകയാണ് കച്ചവടക്കാർ. എന്നാൽ യാതൊരു ക്ഷാമവുമില്ലെന്നാണ് അറിയുന്നത്.
ജിഎസ്ടി വിവാദത്തെ തുടർന്ന് 158 രൂപക്ക് വിൽക്കണമെന്ന സർക്കാർ നിർദേശം വടകരയിലെ കച്ചവടക്കാർ ഗൗനിക്കാത്ത സ്ഥിതിയാണ്. വിഷുവിനു മുന്പ് 160 രൂപയായിരുന്നു വിലയെങ്കിൽ പത്ത് രൂപ കൂട്ടിയാണ് വിഷുവിന് കോഴി വിറ്റത്. പിന്നീട് ആഴ്ച തോറും പത്ത് രൂപ കൂട്ടി. ഇപ്പോൾ ഇരുന്നൂറ് രൂപയിലെത്തി നിൽക്കുന്നു.
ചൂട് തുടങ്ങിയ അവസരത്തിലും കാൻസറിന് കാരണമെന്ന പ്രചരണവും വന്നതോടെ ആവശ്യക്കാർ കുറഞ്ഞ് കിലോവിന് 100-120 രൂപയായി ഇടിഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ കൊള്ളയെന്ന ആക്ഷേപമുണ്ട്. നോന്പ് കാലത്ത് വൻതുകയിൽ കോഴി വിൽക്കാനാണ് വില കൂട്ടിയതെന്ന് കേൾക്കുന്നു.
മൊത്തകച്ചവടക്കാരും കമ്മീഷൻ ഏജന്റുമാരും ചേർന്ന് വില നിശ്ചയിക്കുന്ന സ്ഥിതിയാണ്. ഇതാണ് ആളുകൾ കൊടുക്കേണ്ടിവരുന്നത്. മന്ത്രിയുടെ നിർദേശമൊന്നും ഇക്കാര്യത്തിൽ പാലിക്കുന്നില്ല. വില കൂടുന്നതെന്താണെന്ന് ആവശ്യക്കാർ ചോദിച്ചാൽ സാധനം കിട്ടാനില്ലെന്ന് പറഞ്ഞ് തണുപ്പിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ തമിഴ്നാട്ടിൽ നിന്നു പതിവായി വരുന്നത് പോലെ കോഴി എത്തുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ തന്നെ പറയുന്നു. വില നിയന്ത്രിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലുമുണ്ടാകുന്നില്ല.