കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഷണ്ടിംഗിനിടെ എൻജിനും ഗാർഡ് കോച്ചും പാളം തെറ്റി. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എറണാകുളം സൗത്തിൽനിന്നു പുറപ്പെടേണ്ട എറണാകുളം – നിലന്പൂർ പാസഞ്ചർ ട്രെയിനിനിന്റെ പിൻഭാഗത്ത് ഘടിപ്പിക്കാനെത്തിച്ചതായിരുന്നു ഗാർഡ് കോച്ചെന്നാണു വിവരം.
ഇതുമായെത്തിയതായിരുന്നു എൻജിൻ. ആറാം ട്രാക്കിൽനിന്നു ഏഴാം ട്രാക്കിലേക്കു എത്തവേയായിരുന്നു അപകടമെന്നു അധികൃതർ പറഞ്ഞു. സിഗ്നൽ ലഭിക്കുന്നതിനു മുന്പായി ലോക്കോ പൈലറ്റ് എൻജിൻ മുന്നോട്ടെടുത്തതാണ് അപകടകാരണമായതെന്നാണു വിവരം. പാളം തെറ്റിയ എൻജിനും ഗാർഡ് കോച്ചും ഏതാനും ദൂരം മുന്നോട്ട് നീങ്ങി.
അപകടത്തെത്തുടർന്നു എറണാകുളം – നിലന്പൂർ പാസഞ്ചർ ഒന്നേ മുക്കാൽ മണിക്കൂറോളം വൈകിയാണു യാത്ര ആരംഭിച്ചത്. അപകടസമയം, എറണാകുളം-നിലന്പൂർ പാസഞ്ചർ ആറാമത്തെ പ്ലാറ്റ്ഫോമിൽ കിടക്കുകയായിരുന്നു.അപകടവിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം.
ഏതാനും ദിവസം മുന്പാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽവച്ച് ന്യൂഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്സ്പ്രസിന്റെ (12626) സ്ലീപ്പർ കോച്ചിനടിയിൽ വിള്ളൽ കണ്ടെത്തിയ സംഭവം ഉണ്ടായത്. കോച്ചിനെ താങ്ങി നിർത്തുന്ന ഇരുന്പ് ഫ്രെയിമിലായിരുന്നു (അണ്ടർഫ്രെയിം) വിള്ളൽ. പിന്നീട് യാത്രക്കാരെ ഒഴിപ്പിച്ചു കോച്ച് വേർപെടുത്തിയശേഷമാണു യാത്ര തുടർന്നത്.