ചെങ്ങന്നൂർ: വിവാദങ്ങളുടെ അകന്പടിയിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ പത്രികാ സമർപ്പണം. സ്ഥാനാർഥിയടക്കം അഞ്ചുപേർ മാത്രമേ വരണാധികാരിക്ക് മുന്പിൽ പത്രിക സമർപ്പണ സമയത്ത് ഹാജരാകാൻ പാടുള്ളുവെന്ന് വ്യവസ്ഥയുള്ളപ്പോൾ അതു ലംഘിച്ച് 15ൽ അധികം പേരാണ് സ്ഥാനാർഥിക്കൊപ്പം വരണാധികാരിയായ ആർഡിഒയുടെ ചേംബറിൽ കയറിയത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ, കെ.എസ്. രവി, പി.കെ. രാമദാസ്, ആർ. നാസർ, സ്ഥാനാർഥി സജി ചെറിയാൻ എന്നിവർക്ക് പുറമെ ദേവസ്വം ബോർഡ് മെന്പർ കെ. രാഘവൻ, എൽഡിഎഫ് നേതാക്കന്മാരായ സി.എസ്. സുജാത, ശോഭനാ ജോർജ്, ഉമ്മൻ ആലുംമൂട്ടിൽ, സി. ജയചന്ദ്രൻ, തുന്പമണ് ജോർജ്കുട്ടി, ഗിരീഷ് ഇലഞ്ഞിമേൽ, സജിവെള്ളവന്താനം, നായർ സുരേന്ദ്രനാഥ് എന്നിവരുൾപ്പെടെ 15ൽ അധികം ആളുകൾ ആർഡിഒ ചേംബറിൽ കയറി.
ഇത് നഗ്നമായ ചട്ടലംഘനമാണെന്നാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ആരോപണം ഉയർന്നു. സംഭവത്തിൽ സ്ഥാനാർഥിയെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ പരാതിയിൽ കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ഒൗദ്യോഗിക പദവിയും, വാഹനവും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
പദവി മറന്നു കൊണ്ട്, സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനു വരണാധികാരിയുടെ മുന്പിൽ ഹാജരാകുകയും ചെയ്തു. ഭരണഘടനാ പദവി ദുർവിനിയോഗം ചെയ്യുന്ന ദേവസ്വം ബോർഡംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവർണർക്ക് നൽകിയ പരാതിയിൽ കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പു രംഗത്ത് നഗ്നമായ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ബിജെപിയും ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിക്കാൻ നിശ്ചയിച്ച ഭരണാധികാരി ദുർബലനാണെന്നും അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വഴങ്ങുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു. വീഴ്ചയുണ്ടായ സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫീസറെ സ്ഥാനത്തുനിന്നും മാറ്റണമെന്നും എൻഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
എൽഡിഎഫിന്റെ പെരുമാറ്റചട്ട ലംഘനത്തിനെതിരെ എൻഡിഎ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്്. ആം ആദ്മി പാർട്ടിയും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ സംഭവത്തിൽ അങ്ങനെയൊരു ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് ആർഡിഒ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. പത്രികാ സമർപ്പണം ചട്ടം പാലിച്ചുകൊണ്ടുതന്നെയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ചെങ്ങന്നൂർ ആർഡിഒ എം.വി. സുരേഷ്കുമാർ മുന്പാകെ നാലുസെറ്റ് പത്രികകളാണ് സമർപ്പിച്ചത്. നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം പത്രിക നല്കുന്നതിനായി നഗരത്തിൽ എത്തിയപ്പോഴേക്കും പ്രകടനം വൻ ജനക്കൂട്ടമായി മാറി. ഇതോടെ കിലോമീറ്ററോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.