ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നും പുതിയ ശന്പള കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഇന്നലെ രാത്രി ഹൗസ് ബോട്ട് ഉടമകളുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ശന്പളം, ബാറ്റ, ബോണസ് തുടങ്ങിയ വിഷയങ്ങളിൽ വർധനവ് നടപ്പാക്കാൻ ധാരണയായതോടെയാണ് സമരം പിൻവലിച്ചത്.
കേരള ഹൗസ് ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു, ഹൗസ് ബോട്ട് മേഖലയിലെ ബിഎംഎസ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരത്തിനൊരുങ്ങിയത്. ഇന്നലെ രാത്രി 7.30 മുതൽ ഇന്ന് പുലർച്ചെ 1.30 വരെ നീണ്ട മാരത്തോണ് ചർച്ചയിലാണ് ശന്പള വർധനവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്.
പുതിയ തീരുമാനമനുസരിച്ച് തൊഴിലാളിക്ക് 12,000 രൂപ പ്രതിമാസ വേതനവും 290 രൂപ ബാറ്റയുമാണ് ലഭിക്കും. ബോണസായി ഒരുമാസത്തെ ശന്പളം നൽകാനും ധാരണയായി. നിലവിൽ പ്രതിമാസം 10,400 ശന്പളവും 250 രൂപ പ്രതിദിന ബാറ്റയുമായിരുന്നു തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്.
രണ്ടുവർഷം കാലാവധി പൂർത്തിയാക്കിയ ശന്പള കരാർ അവസാനിച്ചതോടെ തൊഴിലാളികളുടെ വേതനത്തിൽ കാലോചിതമായി വർധന നടപ്പാക്കി കരാർ പുതുക്കണമെന്ന ആവശ്യപ്പെട്ട് സിഐടിയു ജില്ലാ ലേബർ ഓഫീസർക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎൽഒ ഏപ്രിൽ പത്തിനും 26നും ചർച്ച വിളിച്ചെങ്കിലും ശന്പള വർധനവ് അംഗീകരിക്കാൻ ഉടമകൾ തയാറാകാതിരുന്നതുമൂലം പ്രശ്നപരിഹാരമായിരുന്നില്ല. നിലവിലെ കരാർ ഒരുവർഷംകൂടി നീട്ടണമെന്ന നിലപാടാണ് ബോട്ടുടമകൾ രണ്ട് യോഗത്തിലും കൈക്കൊണ്ടിരുന്നത്.
ഏകദേശം 24 മണിക്കൂറോളം ഹൗസ് ബോട്ടിൽ ജോലിചെയ്യുന്ന തൊഴിലാളിക്ക് 500 രൂപ ദിവസവേതനം ലഭിക്കണമെന്ന നിലപാടായിരുന്നു തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ചത്. കഴിഞ്ഞ അഞ്ചിന് സൂചനാ പണിമുടക്കിന് സംഘടനകൾ ആഹ്വാനം ചെയ്തിരുന്നെങ്കിലും ജില്ലാ കളക്ടർ വിഷയത്തിലിടപ്പെട്ടതോടെ സമരം പിൻവലിച്ചിരുന്നു. തുടർന്ന് ഡിഎൽഒയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും പ്രശ്നം പരിഹരിച്ചില്ല.
ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെ തൊഴിലാളി സംഘടനകളും ബോട്ടുടമകളും നടത്തിയ ചർച്ചയിലാണ് ശന്പള വർധനവ് സംബന്ധിച്ച് ധാരണയായത്. അതേസമയം ഹൗസ് ബോട്ട് ഉടമകളുടെ അഞ്ച് സംഘടനകളുമായി ശന്പള വർധന കരാർ ഒപ്പുവച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം ബോട്ടുടമകൾ പറയുന്നത്. ഭൂരിപക്ഷം വരുന്ന ബോട്ടുടമകളുമായി ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ നിലപാട്.