കളമശേരി: നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തുകയറാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികളെ ക്കുറിച്ച് സൂചനയില്ല. കളമശേരിയിൽ ദേശീയപാതയോട് ചേർന്നുള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിലാണ് കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നത്.
എന്നാൽ മോഷ്ടാക്കൾക്ക് ബാങ്കിനകത്തേക്ക് പ്രവേശിക്കാനായിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടുമില്ലെന്നുമാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. ബ്രാഞ്ചിന്റെ മതിൽ ഒരാൾക്ക് ഇഴഞ്ഞ് കയറാവുന്ന രീതിയിൽ തുരന്നതായി ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കണ്ടത്.
താഴെ ശബ്ദം കേട്ടിട്ട് പാതി വഴിയിൽ മോഷണശ്രമം ഉപേക്ഷിച്ചതാണെന്ന് സൂചനയുണ്ട്. സാധാരണയായി ഒഴിവു ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് ഈ രീതിയിൽ മോഷണങ്ങൾ നടക്കുന്നത്. മാത്രമല്ല ഉപഭോക്താക്കൾ വന്നുപോകുന്ന മുറിയിലേക്കാണ് പ്രവേശന ദ്വാരം ഉണ്ടാക്കിയത്.
അതിനാൽ ശ്രമം നടത്തിയത് വൻ മോഷ്ടാക്കളല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.അതേ സമയം തുരക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനായിട്ടില്ല. നിരീക്ഷണ കാമറകൾ പുറത്ത് ഇല്ലാത്തതിനാൽ ദൃശ്യങ്ങളും ലഭ്യമല്ല. ബാങ്കുകളിൽ നിർബന്ധമായും നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കണമെന്ന നിയമം നിലനിൽക്കെയാണ് ബാങ്ക് അനാസ്ഥ കാണിച്ചിരിക്കുന്നത്. കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.