കണ്ണൂർ: മാഹിയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർക്കുന്ന ഉഭയകക്ഷി സമാധാന ചർച്ച ജനങ്ങളെ വിഢികളാക്കുന്ന വെറും പൊറാട്ട് നാടകമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കൊലപാതകം നടക്കുമ്പോഴൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ നാടകം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വഴിപാട് പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കൊലപാതകങ്ങൾക്ക് മാത്രം യാതൊരു ശമനവുമില്ല. സിപിഎമ്മിനെയും ആർഎസ്എസിനെയും കൊണ്ട് ആയുധം ഉപേക്ഷിപ്പിക്കാൻ ഇത്തരം ഗിമ്മിക്കുകൾ കൊണ്ടൊന്നും സാധ്യമാവുന്നുമില്ല.ജില്ലാ കളക്ടർ തന്റെ അധികാരം ഉപയോഗിച്ച് കില്ലർ സംഘങ്ങളെയും കൊലപാതകത്തിന് നിർദ്ദേശം നല്കുന്ന കില്ലർ സംഘങ്ങളുടെ സംരക്ഷകരെയും ജയിലിടക്കാൻ നിയമത്തിന്റെ വഴി ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യമായിട്ടുള്ളത്.
ക്രിമിനലുകളെ അമർച്ച ചെയ്യാൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ പോലീസിനെ വിടാതെ കില്ലർ സ്ക്വാഡുകളുടെ സംരക്ഷകരെന്ന് ജനം വിശ്വസിക്കുന്നവരെ ഉഭയകക്ഷി സമാധാനത്തിന് വിളിക്കുന്ന സമയത്ത് ക്രിമിനലുകളെ പിടികൂടാനും പാർട്ടി ഗ്രാമങ്ങളിലെ ആയുധസംഭരണ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യാനും പോലിസിന് നിർദ്ദേശം കൊടുത്ത് ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്താൻ പരിശ്രമിക്കുന്നതായിരിക്കും നാടിന് ഗുണകരമെന്ന് ജില്ലാ കളക്ടർ മനസിലാക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.