ഹൈദരാബാദ്: വാടക നൽകാൻ പണമില്ലാത്തതിനെ തുടർന്ന് കൗമാരക്കാരിയായ മകളെ വീട്ടുടമയുടെ മകന് വിവാഹം ചെയ്തു നൽകി. പിന്നാലെ ഹൈദരാബാദിലെ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ നാടകീയമായി രക്ഷപ്പെടുത്തി.
അടുത്തിടെ നടന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഉന്നതവിജയം സ്വന്തമാക്കിയ പെണ്‍കുട്ടിയെയാണു മാതാപിതാക്കൾ തിടുക്കത്തിൽ വിവാഹം ചെയ്തു നൽകിയത്.
ശാരീരിക ദൗർബല്യമുള്ള രമേശ് ഗുപ്ത യുവാവിവാണ് പതിനഞ്ചുകാരിയെ വിവാഹം ചെയ്തു നൽകിയത്. രമേശിന്റെ പിതാവ് ചെന്നയ്യയുടെ വീട്ടിലാണ് ഒഡീഷയിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളായ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.
പണമില്ലാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി കുടുംബം വീട്ടുടമയ്ക്കു വാടക നൽകിയിരുന്നില്ല. ഇതേതുടർന്ന് തന്റെ മകനായ രമേശിനു പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാൻ ചെന്നയ്യ ആവശ്യപ്പെട്ടു. തീരുമാനം മറിച്ചാണെങ്കിൽ വാടക മുഴുവനായി നൽകേണ്ടിവരുമെന്നും ചെന്നയ്യ പറഞ്ഞു. ഇതേതുടർന്നാണു പെണ്‍കുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിനു തയാറായത്.
കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ നടക്കവെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി. വരനും ഇദ്ദേഹത്തിന്റെ മാതാവിനും പിതാവിനുമെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം, പെണ്‍കുട്ടി ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ തന്നെ രമേശിനു വിവാഹം ചെയ്തു നൽകാമെന്നു തങ്ങൾ ചെന്നയ്യയ്ക്കു വാക്കു നൽകിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ഉൗർമിള പറഞ്ഞു.