ബ്രസീലിന്റെ മുൻ സൗന്ദര്യറാണിയും ബ്രസീൽ പ്രസിഡന്റ് മിച്ചൽ തെമറിന്റെ ഭാര്യയുമായ മാർസല തെമർ സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണിപ്പോൾ. തന്റെ വളർത്തുനായയെ രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ തടാകത്തിലേക്ക് എടുത്തുചാടിയതാണ് ഈ മുപ്പത്തിനാലുകാരിക്കു വീരപരിവേഷം നൽകിയിരിക്കുന്നത്.
താറാവു കുഞ്ഞുങ്ങൾക്കു പിന്നാലെ പാഞ്ഞ നായ അബദ്ധത്തിൽ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിക്കുമുന്നിലുളള തടാകത്തിലേക്കു വീണു. ഇതു കണ്ട മാർസല തടാകത്തിലേക്കു ചാടി.
നായയെ രക്ഷിച്ചു കരയ്ക്കു കയറ്റുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ മാധ്യമങ്ങൾ പറത്തുവിട്ടത്.
നല്ല ആഴമുള്ള തടാകത്തിൽ സ്വയരക്ഷ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനം സമൂഹമാധ്യമങ്ങളിലും തരംഗമായി. മാർസലയുടെ ഭർത്താവായിരുന്നു വീണതെങ്കിൽ ഈ സാഹസം കാട്ടുമായിരുന്നോ എന്നൊക്കെയുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.