കേളകം(കണ്ണൂർ): വീസ തട്ടിപ്പിനിരയായ നിരവധി മലയാളികൾ മലേഷ്യയിൽ കുടുങ്ങിയതായി സന്ദേശം. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് സുഹൃത്തു വഴി അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മലേഷ്യയിൽ കുരുങ്ങിയിട്ടുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്. പട്ടിണിയിലും അവശതയിലുമായ തങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നാണ് സന്ദേശത്തിലുള്ളത്.
പാനാസോണിക് കമ്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്ന് 1.10 ലക്ഷം മുതൽ 1.30 ലക്ഷം രൂപ വരെ വാങ്ങിയതായി കുരുങ്ങിയവർ പറയുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ് ഇവർ.
സ്വർണഭാരണങ്ങൾ പണയം വച്ചുംമറ്റും വായ്പയെടുത്താണ് പ ലരും വീസയ്ക്കായി ഏജന്റിന് തുക നല്കിയിരുന്നത്. മാർച്ച് 27 നാണ് മലേഷ്യയിലേക്ക് പോയത്.15 ദിവസത്തെ സന്ദർശക വീസയിലെത്തിയവർക്ക് ഇതുവരെ തൊഴിൽവീസ അടിച്ചിരുന്നില്ല.
കഴിക്കാൻ ഭക്ഷണമോ കിടക്കാനൊരിടമോ ഇവർക്ക് ലഭിച്ചിട്ടില്ല. കൈയിൽ കുടിവെള്ളം വാങ്ങാൻ പോലും കാശില്ലാതെ ഇവരെല്ലാം കടുത്ത വിഷമത്തിലാണെന്നാണ് സന്ദേശത്തിൽനിന്നു വ്യക്തമാകുന്നത്. കോഴിക്കോട് സ്വദേശി രാജേഷാണ് വീഡിയോ സന്ദേശത്തിലൂടെ ദുരിതകഥ വിവരിക്കുന്നത്.