ന്യൂഡൽഹി: ഋഷഭ് പന്ത് എന്ന യുവതാരത്തിന്റെ ബാറ്റ് ഗർജിച്ചപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഡെയർ ഡെവിൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് എടുത്തു.
63 പന്തിൽ ഏഴ് സിക്സും 15 ഫോറും അടക്കം 128 റണ്‍സ് എടുത്ത പന്ത് പുറത്താകാതെനിന്നു. കെയ്ൻ വില്യംസൺ (53 പന്തിൽ 83 നോട്ടൗട്ട്), ശിഖർ ധവാൻ (50 പന്തിൽ 92 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 18.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 191 അടിച്ച് സൺറൈസേഴ്സ് ജയമാ ഘോഷിച്ചു.
ഐപിഎൽ 2018 സീസണിലെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇന്നലെ പന്ത് നേടിയത്. പഞ്ചാബ് കിംഗ്സ് ഇലവനായി ക്രിസ് ഗെയ്ലും ചെന്നൈ സൂപ്പർ കിംഗ്സിനായി ഷെയ്ൻ വാട്സണും ഈ സീസണിൽ സെഞ്ചുറി നേടിയിരുന്നു.
എന്നാൽ, സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു പന്തിന്റെ 128 നോട്ടൗട്ട്. സെഞ്ചുറിയിലൂടെ ഡൽഹി യുവതാരം റണ്‍വേട്ടയിൽ 521 റണ്‍സോടെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 11 കളികളിൽനിന്നാണ് പന്തിന്റെ ഈ നേട്ടം.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 എന്ന നിലയിലായിരുന്നപ്പോഴാണ് പന്ത് ക്രീസിലെത്തിയത്. പൃഥ്വി ഷാ (ഒന്‍പത് റണ്‍സ്), ജെസൻ റോയ് (11 റണ്‍സ്), ശ്രേയസ് അയ്യർ (മൂന്ന് റണ്‍സ്), ഗ്ലെൻ മാക്സ്വെൽ (ഒന്‍പത് റണ്‍സ്), ഹർഷൽ പട്ടേൽ (24 റണ്‍സ്) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. 36 പന്തിൽനിന്ന് 50ൽ എത്തിയ പന്ത്, 100ൽ എത്താൻ 56 പന്തുകളേ നേരിട്ടുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ അലക്സ് ഹെയ്ൽസിനെ (14 റണ്‍സ്) നഷ്ടപ്പെട്ടു. എന്നാൽ, തുടർന്ന് ശിഖർ ധവാനും മൂന്നാം നന്പറായി ക്രീസിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. ഇരുവരും മത്സരിച്ച് സ്കോർ ചെയ്തതോടെ 16 ഓവർ പൂർത്തിയായപ്പോൾ സണ്‍റൈസേഴ്സ് സ്കോർബോർഡിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് എത്തി.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്റ്
സൺറൈസേഴ്സ്് 11 9 2 0 18സൂപ്പർ കിംഗ്സ് 10 7 3 0 14കിംഗ്സ് ഇലവൻ 10 6 4 0 12മുംബൈ ഇന്ത്യൻസ് 11 5 6 0 10നൈറ്റ് റൈഡേഴ്സ് 11 5 6 0 10രാജസ്ഥാൻ റോയൽസ് 10 4 6 0 8റോയൽ ചലഞ്ചേഴ്സ് 10 3 7 0 6ഡയർ ഡെവിൾസ് 11 3 8 0 6