കോട്ടയം: സഹോദരന്റെ കുട്ടിയെ കൂടെക്കിടത്തി ഉറക്കത്തിൽ ചരടു കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് നെടുംതൊട്ടിയിൽ വിജയമ്മ (57)യെ തിരുവനന്തപുരം വനിതാ ജയിലിലേക്കു കൊണ്ടുപോയി.
ഇന്നു രാവിലെയാണു കോട്ടയം ജില്ലാ ജയിലിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. സഹോദരൻ ഷാജിയുടെ മകൻ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസിൽ വിജയമ്മയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജ്യോതിസ് ബെൻ ആണ് വിധി പ്രസ്താവിച്ചത്.
പിഴത്തുക രാഹുലിന്റെ മാതാപിതാക്കൾക്ക് തുല്യമായി നൽകണം. അകന്നു കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമാണ് അവരുടെ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.
വിവാഹ മോചനം നേടിയാൽ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 2013 സെപ്റ്റംബർ മൂന്നിനു പുലർച്ചെ 2.45നാണു സംഭവം.
മുംബൈയിൽ നഴ്സായ വിജയമ്മ തലേന്നു വൈകുന്നേരമാണു കൈപ്പുഴയിലെ വീട്ടിലെത്തിയത്.
രാഹുലിന്റെ അച്ഛൻ ഷാജിയും കോട്ടയം മെഡിക്കൽ കോളജിലെ നഴ്സായ ഭാര്യ ബിന്ദുവും അകന്നു കഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നതിനാൽ രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാജിയുടെ അച്ഛൻ രാഘവനും ഭാര്യ കമലാക്ഷിയുമാണ്. കുട്ടി ദിവസവും ഉറങ്ങിയിരുന്നത് അവർക്കൊപ്പമായിരുന്നു.
വിജയമ്മ വന്ന ദിവസം രാത്രി രാഹുലിനെ തന്റെ ഒപ്പം കിടത്തി. പുലർച്ചെ വിജയമ്മ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്വിളിച്ച് താൻ കുട്ടിയെ കൊന്നു എന്നറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ കീഴടങ്ങുകയും ചെയ്തു.
ഗാന്ധിനഗർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത കേസ് കോട്ടയം ഈസ്റ്റ് സിഐ റിജോ പി. ജോസഫാണു കോടതിയിൽ എത്തിച്ചത്.
രാഹുലിന്റെ മുത്തച്ഛൻ രാഘവൻ, വല്യമ്മ കമലാക്ഷി, അമ്മ ബിന്ദു, പിതാവ് ഷാജി എന്നിവർ ഉൾപ്പെടെ 20 സാക്ഷികളെ വിസ്തരിച്ചു. 17 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. രാഹുലിനെ കൊന്നത് തന്റെ മകൾ വിജയമ്മയാണെന്നു കമലാക്ഷി കോടതിയിൽ പറഞ്ഞെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. ജോയി ഏബ്രഹാമാണു പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.