പന്തളം: പന്തളം നഗരസഭാ ഓഫീസിന് ചുറ്റുമതിൽ നിർമിച്ചില്ലെന്ന പരാതിയിൽ ബിജെപി നേതൃത്വം പ്രതിഷേധ സൂചകമായി സ്ഥാപിച്ച ഓലമതിൽ നഗരസഭാ അധികൃതർ നീക്കം ചെയ്തു. ഇവിടെ ചുറ്റുമതിൽ നിർമിക്കാനുള്ള ജോലികൾ തുടങ്ങി. നാലു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ചുറ്റുമതിൽ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ മൂന്ന് മാസം മുന്‍പ് പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ അവസാനം കരാറും ഒപ്പിട്ടിരുന്നു. ജോലിയേറ്റെടുത്ത കരാറുകാരൻ സ്ഥലത്തില്ലാതിരുന്നതിനാൽ നിർമാണം ഈ മാസമാദ്യം തുടങ്ങുമെന്ന് അധികൃതരെ അറിയിച്ചിരുന്നു. ഈ വിവരങ്ങൾ ചെയർപേഴ്സണ്‍ റ്റി.കെ.സതി കൗണ്‍സിൽ യോഗത്തിലും അറിയിച്ചിരുന്നതാണ്.
ഇതിനിടെയാണ്, ബിജെപിയുടെ നേതൃത്വത്തിൽ ഏപ്രിൽ 30ന് നഗരസഭാ ഓഫീസിനു മുന്നിൽ സമരം നടത്തിയത്. ഓഫീസിന് ചുറ്റും മേച്ചിലോലകൾ ഉപയോഗിച്ച് മതിൽ കെട്ടിയായിരുന്നു പ്രതിഷേധം. നിർമാണം തുടങ്ങാനിരിക്കെ സമരം നടത്തിയത് ബിജെപി നേതൃത്വത്തെ പരിഹാസ്യമാക്കിയെന്ന പരാതി പാർട്ടിയിൽ ചർച്ചയായിരുന്നു.