അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷം. ഹൗസ് സർജൻമാരെ തെരുവുനായകൾ ഓടിച്ചു. ആശുപത്രി വളപ്പിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ആശുപതിയിൽ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങിയ 8 ഓളം ഹൗസ് സർജൻമാർക്കും, നേഴ്സ·ാർക്കും നേരെയാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്.
അത്യാഹിത വിഭാഗത്തിന് പടിഞ്ഞാറ് ഭാഗം എഫ്. ബ്ലോക്കിനുസമീത്ത് നിന്നും 400 മീറ്റർ ഓളം തെക്കുഭാഗത്തായാണ് ഇവരുടെ ക്വാട്ടേഴ്സ്. അവിടേക്ക് ഇവർ പോകുന്പോഴാണ് 15 ൽ അധികം തെരുവുനായ്ക്കൾ ഓരിയിട്ടു കൊണ്ട് ഇവരുടെ പിന്നാലെ കൂടിയത്.
പടിഞ്ഞാറ് ഭാഗം മതിലും കിഴക്ക് ഭാഗം കെട്ടിടങ്ങളുമായതിനാൽ ഇവർക്ക് അകന്ന് മാറി ഓടാൻ കഴിഞ്ഞില്ല. ക്വാട്ടോഴ്സിലേക്ക് ഓടിയവരുടെ പിന്നാലെ നായകളും ഓടുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശമടിച്ചതിനെ തുടർന്ന് തെരുവുനായകൾ തിരിഞ്ഞോടിയതിനാൽ ഇവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ആറു മാസത്തിന് മുന്‍പ് ആശുപത്രി അധികാരികളുടെ പരാതി പ്രകാരം അന്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് തെരുവു നായകളെ പിടികൂടി വന്ധീകരണം നടത്തിയിരുന്നു. ജന സാന്ദ്രത ഇല്ലാത്ത സ്ഥലത്ത് നായകളെ ഉപേക്ഷിക്കാനാണ് പട്ടി പിടുത്തകാർക്ക് അധികൃതർ നിർദ്ദേശം നൽകിയിരുന്നത്.
പട്ടി പിടുത്തക്കാർ ആശുപത്രി വളപ്പിലെത്തി ഇവിടെ ഉണ്ടായിരുന്ന ഒന്‍പതോളം നായകളെ പിടികൂടി കൊണ്ട് പോകുകയും പിന്നീട് ഒരാഴ്ച്ചകഴിഞ്ഞ് പുറത്ത് നിന്ന് പിടികൂടിയതുൾപ്പെടെ 20 ഓളം നായകളെ ആശുപത്രി വളപ്പിൽ ഉപേക്ഷിക്കുകയു മായിരുന്നു. എച്ച് വണ്‍ ബ്ലോക്കിന്റെ തെക്ക് ഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഭക്ഷിച്ച് സമീപ പ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ തന്പ് അടിക്കുകയാണ് നായ്ക്കൾ.
ആശുപത്രി ജീവനക്കാർക്കും ഇവിടെ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ഒരു പോലെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ തെരുവുനായ്ക്കൾ. മുൻപ് ആശുപത്രിയിലെത്തിയ മൂന്നുപേർക്ക് നായയുടെ കടിയേറ്റിരുന്നു. ഇതേ തുടർന്നാണ് ആറുമാസം മുന്‍പ് നായകളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ.രാം ലാൽ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയത്.
വീണ്ടും ആശുപത്രി പരിസരത്ത് നായ ശല്യം രൂക്ഷമായതിനാൽ അധികൃതർ എത്രയും വേഗം നടപടി എടുക്കണമെന്നാണ് ജീവനക്കാരും, രോഗികളുടെ ബന്ധുക്കളും പറയുന്നത്.