ഹരിപ്പാട്: പതിനൊന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട പോലീസ് വിശദീകരണം വ്യാജമെന്ന് അമ്മ. കഴിഞ്ഞദിവസം സംഭവം സംബന്ധിച്ച പോലീസിന്റെ വിശദീകരണം ഒരു മാധ്യമത്തിൽ വന്നതിനെതിരെയാണ് അമ്മ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയുവതിയുടെ രാമപുരത്തെ വീട്ടിലായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തി വഴക്കിനിടയിൽ മാതാവിനെ മർദിക്കുകയും അമ്മയുടെ ഒക്കത്തിരുന്ന പതിനൊന്ന് മാസം പ്രായമുള്ള കുട്ടിയെ പിതാവ് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. കിണറിന് വല കെട്ടിയിരുന്നതിനാലാണ് കുഞ്ഞ് കിണറ്റിനുള്ളിലേക്ക് വീഴാതിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഏറിന്റെ അഘാതത്തിൽ കിണറിനുള്ളിലെ അരഞ്ഞാണഭിത്തിയിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെയും മർദ്ദനമേറ്റ മാതാവിനെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ സ്കാനിംഗിനു വിധേയമാക്കി. സംഭവം ഇതാണെന്നിരിക്കെ ക്രൂരത കാട്ടിയ പ്രതിയെ രക്ഷിക്കുവാൻ പോലീസ് ഒത്തുകളിക്കുകയാണെന്നാണ് യുവതിയുടെ ആക്ഷേപം.
ഇത്രയും ഗൗരവമേറിയ കേസ് തേച്ചു മായ്ച്ചു കളയുവാനാണ് ശ്രമിക്കുന്നത്. ഞങ്ങൾക്ക് നീതി ലഭിക്കണം, അതിന് ഏതറ്റം വരെയും പോകാൻ തയാറാണ്. കേസുമായി മുന്നോട്ടു പോകുമെന്നും യുവതി രാഷ്ട്രദീപികയോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതിൽ ബിനീഷ് (36) റിമാൻഡിലാണ്.