കടുത്തുരുത്തി: കഞ്ചാവ് വലിക്കുന്നതിന് സ്വന്തമായി നിർമിച്ച ഉപകരണവും കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. സിനിമാകളിൽ കണ്ടിട്ടുള്ളതുപോലുള്ള ഉപകരണം ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരുവ ശാന്തിപുരം മുണ്ടതൊടുകയിൽ വിമൽ ബാബു (19), പെരുന്പടവം വട്ടക്കുന്നേൽ അലൻ തോമസ് (19) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുവ, ശാന്തിപുരം ഭാഗത്തുനിന്നുമാണ് ഇരുവരെയും പിടികൂടിയത്.
ഇവരിൽനിന്നും നാല് പൊതി കഞ്ചാവും കഞ്ചവ് വലിക്കാൻ ഉപയോഗിക്കുന്നതിനായി ഇരുവരും ചേർന്ന് നിർമിച്ച ബോങ്ങ് എന്ന ഉപകരണവും പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർഥികൾക്കുമെല്ലാം ഇവർ കഞ്ചാവ് വിറ്റിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബോങ്ങ് എന്ന ഉപകരണം ഉപയോഗിച്ചു വിദ്യാർഥികളെ കഞ്ചാവ് വലിക്കാനും ഇവർ പരിശീലനം നൽകിയിരുന്നതായി പറയുന്നു. പെരുവ, ശാന്തിപുരം, അറുനൂറ്റിമംഗലം, വടുകുന്നപ്പുഴ, കാരിക്കോട്, കുന്നപ്പിള്ളി എന്നീ പ്രദേശങ്ങളിൽ കാഞ്ചാവിന്റെ ഉപയോഗവും വിൽപനയും വ്യാപകമാണെന്ന പരാതിയുള്ളപ്പോളാണ് ഇരുവരും പിടിയിലാകുന്നത്.