പാലക്കാട്: മദ്യം കടത്തിയെന്ന കുറ്റം ചുമത്തി അഗളി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം റിമാൻഡിലായ പ്രതി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കുടുംബവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയും. ഏപ്രിൽ 14ന് റിമാന്റ് ചെയ്ത തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളി തട്ടാരടിയിൽ വീട്ടിൽ ടിജോ (39) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ വിഷു ദിനത്തിൽ അനധികൃത മദ്യം കൈവശം വച്ചതിനെ തുടർന്ന് അറസ്റ്റിലായ ടിജോയെ റിമാന്റ് ചെയ്തിരുന്നു. ഞായറാഴ്ചയോടു കൂടി നെഞ്ചുവേദന അനുഭവപ്പെട്ടന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ടിജോയുടെ ആരോഗ്യനില മോശമായിരുന്നില്ലെന്ന് പിതാവ് തോമസും മാതാവ് സിസിലിയും ഭാര്യ ഷിജയും പത്രസമ്മേളനത്തിൽ പറഞ്ഞു. ആറുവയസുകാരിയായ മകൾ അലീനയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ച് ലിറ്റർ മദ്യം കടത്തിയെന്ന് ആരോപിച്ചാണ് ഏപ്രിൽ 14ന് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ 8.20നായിരുന്നു അറസ്റ്റ്. റിമാന്റിൽ കഴിഞ്ഞിരുന്ന ടിജോയ്ക്ക് മെയ് നാലിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹാജരാക്കുകയും ആശുപത്രി അധികൃതർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഇതേസമയം ടിജോയെ ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. പിന്നീട് അസുഖം മൂർച്ഛിച്ചപ്പോഴും ആംബുലൻസ് വിളിക്കാതെ ബസിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.അഗളി പൊലിസിന്റെ ക്രൂരമർദ്ദനത്തിന് ഇരയാട്ടിട്ടാണ് ടിജോ മരിച്ചതെന്ന് പിതാവ് തോമസും ഡി സി സി പ്രസിഡന്റ് വി .കെ .ശ്രീകണ്ഠനും പറഞ്ഞു.
മെയ് നാലിന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ടിജോയെ അഞ്ചാം തീയ്യതിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആറാം തീയ്യതി അർദ്ധരാത്രിയോടെ മരണപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് പോസ്റ്റുമോർട്ടം നടന്നത്. തലയിലേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞതായി ടിജോയുടെ പിതാവ് വെളിപ്പെടുത്തി. അഗളി സിഐ ഉൾപ്പടെ ഇയാളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് മാതാവ് സിസിലിയും നിറകണ്ണുകളോടെ പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയമായ മകന്റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ നാലു ജീവനുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. മനുഷ്യന് നൽകേണ്ട യാതൊരു പരിഗണനയും പൊലീസ് നൽകുന്നില്ല. നിരപരാധികൾ നിരന്തരം വേട്ടയാടപ്പെടുകയാണ്. അട്ടപ്പാടിയിലെ പൊലീസുകാർ വ്യാജമദ്യ മാഫിയയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്.
അഗളിയിലെ ആദിവാസി യുവാവായ മധുവിന്റെ മരണം തന്നെ ഇതിന് ഉദാഹരണമാണ്. ജനങ്ങൾ ഇപ്പോൾ പൊലീസിനെ ഭയക്കുകയാണ്. നാളിതുവരെ ഈ കേസിൽ അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നും പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും വി .കെ. ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.പത്രസമ്മേളനത്തിൽ അഗളി പഞ്ചായത്തംഗം ഫൈസൽ, അഹമ്മദ് അഷ്റഫ് പങ്കെടുത്തു,