പാലക്കാട്: വിദ്യാർഥികളിലെ ലഹരി ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ്. ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ള കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി തിരുത്തുവാനുള്ള നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഓഫീസർ ജേക്കബ് ജോണ് അറിയിച്ചു. സ്കൂൾ പരിസരത്തുള്ള കടകളിൽ നിരന്തരമായി പരിശോധന നടത്തും. കഴിഞ്ഞവർഷം വിദ്യാർഥികൾ ഉൾപ്പെട്ട 21 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
യുവാക്കളേയും വിദ്യാർത്ഥികളേയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വിമുക്തി ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കും. സകൂൾ, കോളജുകൾ ലക്ഷ്യമാക്കിയാണ് വിമുക്തിയുടെ പ്രവർത്തനങ്ങൾ. ബോധവത്കരണത്തിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഉദ്യോഗസ്ഥരുടെ ’എനിക്ക് പറയാനുള്ളത്’ നാടകം സ്കൂൾ, കോളജ്, സ്ഥലങ്ങൾ എന്നിങ്ങനെ 76 ഇടങ്ങളിൽ അവതരിപ്പിച്ചു.
ഏഴ് മുനിസിപ്പാലിറ്റികൾ, 13 ബ്ലോക്ക് പഞ്ചായത്ത്, 86 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ രൂപീകരിച്ച വിമുക്തി 144 സ്കൂളുകളിലും 13 കോളജുകളിലും ലഹരിവിരുദ്ധ ക്ലബുകൾ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 562 ബോധവത്കരണ ക്ലാസുകൾ സ്കൂളികളിൽ മാത്രം നടത്തി.പ്രധാന ആദിവാസിമേഖലയായ അട്ടപ്പാടിയിൽ ജനമൈത്രി എക്സൈസ് സ്ക്വാഡ് ശക്തമായ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിവിധ ഉൗരുകളിലെ യുവതി യുവാക്കൾക്ക് നല്കുന്ന പരിശീലനം തുടരും.
ജില്ലയിലെ പ്രധാന ആഘോഷങ്ങൾ, യുവജനോത്സവങ്ങൾ, എക്സിബിഷനുകൾ, എന്നീ പരിപാടികളിൽ സജ്ജമാക്കിയ ബോധവത്കരണ സ്റ്റാളുകൾ മുഖേന വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും അവബോധം നല്കും. ലഹരി ഉപയോഗം പൂർണമായി ഇല്ലാതാക്കാൻ വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അധികൃതർ പറഞ്ഞു.