തൃശൂർ: നോക്കുകൂലി നിരോധിച്ചെങ്കിലും തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ ചുമട്ടുതൊഴിലാളികൾ ചെയ്യാത്ത ജോലിക്കു കൂലിയും കാപ്പിക്കാശും വാങ്ങുന്നതു നിർത്തലാക്കണമെന്ന് തൃശൂർ ചേംബർ ഓഫ് കോമേഴ്സ്.
നിയമാനുസൃതമായ കൂലിക്കു പുറമേ വിചിത്രമായ കൂലികൾകൂടി തൃശൂരിലെ ചുമട്ടുതൊഴിലാളികൾ വാങ്ങുന്നുണ്ടെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഒരു ലോറിയിലെ നാനൂറു ചാക്കുള്ള ലോഡിൽനിന്ന് നൂറു ചാക്ക് അരിയോ പഞ്ചസാരയോ ഇറക്കിയാലും നാനൂറു ചാക്ക് ഇറക്കിയതിന്റെ കൂലിയും മറിക്കൂലിയുമാണ് ചുമട്ടുതൊഴിലാളികൾ ഈടാക്കുന്നത്. ഇറക്കുകൂലിക്കും മറിക്കൂലിക്കും പുറമേ കാപ്പിക്കാശ് എന്ന പേരിലും നിർബന്ധിത പിരിവു നടത്തുന്നുണ്ട്.
ഓരോ ചാക്കിനും ഒരു രൂപ നിരക്കു വീതമാണ് അട്ടിമറി തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും കാപ്പിക്കാശ് ഈടാക്കുന്നത്. ഓരോ ചാക്കിനും ഇരുകൂട്ടർക്കും ഇങ്ങനെ രണ്ടു രൂപവീതമാണു നൽകേണ്ടിവരുന്നത്. പത്തു കിലോ തൂക്കമുള്ള ഓയിൽ പെട്ടികൾ ഇറക്കാൻ അന്പതു പൈസ വീതമെന്ന നിരക്കിൽ ഒരു രൂപ കാപ്പിക്കാശായി നൽകണം.
ലോറി ഡ്രൈവർമാരിൽനിന്നാണ് ചുമട്ടുതൊഴിലാളികൾ കാപ്പിക്കാശ് വാങ്ങുന്നത്. ലോറി ഡ്രൈവർമാർ ലോറി വാടകയിൽ ഈ തുകകൂടി എഴുതി വ്യാപാരികളിൽനിന്ന് ഈടാക്കുകയാണ്. ഇങ്ങനെയുള്ള അധികച്ചെലവുകളുടെ സാന്പത്തിക ഭാരം വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും തലയിലാകുകയാണ്.
ലോറിയിൽ അന്പതു ചാക്കിലേറെ ചരക്കു കയറ്റുന്നതിനു കെട്ടുകാശ് എന്ന പേരിലും പണപ്പിരിവു നടത്തുന്നുണ്ട്. അന്പതിലേറെ ചാക്കുകൾ ലോറിയിൽ കയറ്റിയാൽ കയർ ഉപയോഗിച്ചു കെട്ടുന്നതിനാണ് 20 രൂപ മുതലുള്ള നിരക്കിൽ അനധികൃത പിരിവു നടത്തുന്നത്.
നോക്കുകൂലി നിരോധിച്ചതുപോലെ ഇത്തരത്തിലുള്ള അനധികൃത പിരിവുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് കോമേഴ്സ് സംസ്ഥാന ലേബർ കമ്മീഷണർക്കു പരാതി നൽകിയിട്ടുണ്ട്.