തലശേരി: കോടികൾ മുടക്കി റോഡ് നവീകരിച്ച നഗരസഭ അപകടക്കെണി ഒരുക്കി കാൽനട യാത്രക്കാരെ വരവേൽക്കുന്നു. കരാറുകാർ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് സ്ലാബിടാത്ത ഓവുചാലിൽ വീണ് കാൽനടയാത്രക്കാരന് സാരമായി പരിക്കേറ്റു.
ഒ.വി റോഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന എൻ.സി.സി റോഡിലാണ് അർബൻ ബാങ്കിന് മുന്നിലായി ഒരു ഭാഗത്ത് മാത്രം സ്ലാബിടാത്തതിനെ തുടർന്ന് കാൽനടയാത്രക്കാരൻ അപകടത്തിൽപെട്ടത്. കോടികൾ മുടക്കിയാണ് എൻ.സി.സി റോഡ് ഇന്റർലോക്ക് ചെയ്തും കൈവരികൾ തീർത്തും നടപ്പാത ഒരുക്കിയും നവീകരിച്ചിട്ടുള്ളത്.
ഓവുചാലുകൾക്ക് ചെറിയൊരു ഭാഗമൊഴിച്ച് സ്ലാബിടുകയും ചെയ്തിട്ടുണ്ട്. എൻ.സി.സി റോഡിന്റെ ഓവുചാലിന്റെ സ്ലാബിടൽ പ്രവൃത്തി രണ്ടുഭാഗത്ത് രണ്ട് കരാറുകാരാണ് എടുത്തിരുന്നത്. ഇവർ തമ്മിലുള്ള അതിർത്തി തർക്കമാണ് ചെറിയൊരു ഭാഗം മാത്രം സ്ലാബിടാത്തതിനു കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്.
കൈവരികൾ തീർത്ത ഭംഗിയുള്ള നടപ്പാതയിലൂടെ നടന്നു വരുമ്പോഴാണ് അപ്രതീക്ഷിതമായി സ്ലാബില്ലാത്ത ഭാഗത്തേക്കെത്തുക. ഇതിനകം നിരവധി പേർക്ക് ഇവിടെ ഓവുചാലിൽ വീണു പരിക്കേറ്റിരുന്നു. പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പ് ഈ ഭാഗത്ത് സ്ലാബ് സ്ഥാപിച്ചില്ലെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കൂടുതൽ യാത്രക്കാർ ദുരിതത്തിലാകും.
കരാറുകാർ തമ്മിലുള്ള തർക്കം തീർത്ത് എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.