കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന വിവാദമാണ് 1984ല്‍ ഉണ്ണിമേനോന് പാടിയ പാട്ടിനാണ് യേശുദാസ് പുരസ്കാരം നേടിയതെന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വീഡിയോകളും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടിയുമായി ഉണ്ണിമേനോന് തന്നെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
1984ല്‍ താന്‍ പാടിയ ‘തൊഴുത് മടങ്ങും’ എന്ന പാട്ടിന് ദാസേട്ടന് പുരസ്കാരം നേടിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് ഉണ്ണിമേനോന് പറയുന്നു. എന്നാല്‍ താന്‍ പാടിയ പാട്ട് ആ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിച്ചിട്ടില്ലെന്നും സ്വന്തം ശാരിക എന്ന സിനിമയിലെ ദാസേട്ടന് പാടിയ ഈ മരുഭൂവില്‍ എന്ന പാട്ടിനാണ് പുരസ്കാരം ലഭിച്ചതെന്നും ഉണ്ണിമേനോന് വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഈ വിവാദം ഉണ്ടാക്കിയിരിക്കുന്നത് യേശുദാസിനെ അപമാനിക്കാനാണ്. താന്‍ കേട്ടുപഠിച്ച പാട്ടുകള്‍ യേശുദാസിന്റെയാണ് . എന്റെ ജീവിതത്തിലെ ഓരോ നിര്‍ണായകഘട്ടത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1986ല്‍ എന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് യേശുദാസായിരുന്നു. എന്റെ 33 വര്‍ഷത്തെ പാട്ട് ജീവിതത്തിന് ആദരവായി സ്വരലയ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹമുണ്ടായിരുന്നു.
ഞാന്‍ എപ്പോള്‍ വിളിച്ചാലും വരുന്ന വളരെ സ്നേഹത്തോടെ പെരുമാറുന്ന അദ്ദേഹം ഇനിയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ കൂടുതല്‍ പോസിറ്റിവിറ്റി പരത്താനാണ് ഉപയോഗിക്കേണ്ടത്’ ഉണ്ണി മേനോന് പറയുന്നു. ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഒരാളെ ഇത്രയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന് ചിലപ്പോള്‍ ഇങ്ങനെയൊരു സംഭവമേ അറിയില്ലായിരിക്കും. ഞാന്‍ ചെറുപ്പത്തില്‍ കേട്ടുപഠിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനുമാണെന്നും ഉണ്ണി മേനോന് പറഞ്ഞു.