തിരുവനന്തപുരം: ബൈക്ക് മോഷണ കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിൽ ശ്രീ ശങ്കരി പ്രിയയിൽ സൂരജ് (19) നെയാണ് പേരൂർക്കട പോലീസ് മർദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ ഏണിക്കരയിലുള്ള സുഹൃത്ത് മിഥുനിനെ കാണാൻ ചെന്നപ്പോൾ സൂരജിനെയും മറ്റ് മൂന്ന് കൂട്ടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. പേരൂർക്കട എസ്ഐ. സന്പത്തും പോലീസുകാരും ചേർന്ന് ബൈക്കിന്റെ ഷോക്ക് അബ്സറിന്റെ പൈപ്പ് ഉപയോഗിച്ച് മർദിച്ചുവെന്നും കൂടാതെ ബൂട്ടിട്ട് ദേഹത്ത് ചവിട്ടുകയും അസഭ്യ വർഷം നടത്തിയെന്നുമാണ് യുവാവും ബന്ധുക്കളും ആരോപിക്കുന്നത്.
സൂരജിന്റെ മാതാവ് നേരത്തെ മരണമടഞ്ഞതോടെ അമ്മൂമ്മ ഗേളിയുടെ സംരക്ഷണയിലാണ് കഴിഞ്ഞ് വരുന്നത്. ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിനിടെയാണ് ഈ സംഭവമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പോലീസ് മർദ്ദനത്തെ തുടർന്ന് അവശനായ യുവാവിനെ ഒടുവിൽ നിരപരാധിയാണെന്ന് കണ്ടപ്പോൾ വിട്ടയച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.