ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായി മുന്നേറുന്പോഴും മൂന്ന് മുന്നണിസ്ഥാനാർഥികളും വിവിധ വിഷയങ്ങളിൽ പെട്ട് ഉഴലുന്നു. ഒാരോ സ്ഥാനാർഥിക്കും ഒാരോ പ്രശ്നങ്ങളുടെ പേരിലാണ് വിവാദങ്ങളും വിഷയങ്ങളും ഉണ്ടായിരിക്കുന്നത്.
ഏറ്റവും അധികം വിവാദങ്ങളിൽ ചാടിയിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനാണ്. നാമനിർദ്ദേശ പത്രിക സമർപണം മുതൽ തുടങ്ങിയ വിവാദം ഇനിയും വിട്ടൊഴിയുന്നില്ല. നാമനിർദ്ദേശ പത്രികാ സമർപണ വേളയിൽ അഞ്ച് പേരിൽ കൂടുതൽ വരണാധികാരിക്ക് മുന്പിൽ എത്തുവാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ പത്രികാ സമർപ്പണ വേളയിൽ 20ൽപരം പേർ പിന്നിലായി നിന്നത് വിവാദമായി.
യഥാർഥത്തിൽ അഞ്ച് പേർ മാത്രമാണ് പത്രികാ സമർപ്പണത്തിനായി വരണാധികാരിയുടെ മുന്പിൽ എത്തിയത്. എന്നാൽ യാതൊരു കാര്യവും ഇല്ലാത്ത ചിലർ കാര്യങ്ങൾ അറിയാതെ ഓഫീസിനുള്ളിൽ പ്രവേശിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇത് സംബന്ധിച്ച് മറ്റ് സ്ഥാനാർഥികൾ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തു. തുടർന്ന് നാമനിർദ്ദേശ സമർപ്പണ വേളയിൽ നൽകിയ സ്വത്ത് സംബന്ധിച്ചുള്ള സത്യവാഗ്മൂലത്തിൽ പല സ്വത്തുക്കളും മറച്ചുവച്ചുവെന്ന തരത്തിലാണ് പരാതി ഉയർന്നത്.
നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് മറ്റ് സ്ഥാനർഥികൾ രംഗത്ത് വരുകയും ബഹളങ്ങൾ ഉണ്ടാകുകയും ചെയ്തു. അവസാനം രണ്ടര മണിക്കൂർ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വരണാധികാരി ഒരു സുപ്രീം കോടതി വിധി കാണിച്ചതിനെ തുടർന്നാണ് എല്ലാവരും ശാന്തരായതും പത്രിക അംഗീകരിച്ചതും.
സ്വത്ത് സംബന്ധിച്ച് കണ്ണൂർ ജില്ലയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി ഏ.കെ.ഷാജി പരാതി നൽകി. എന്നാൽ ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വവും സ്ഥാനാർഥിയും വ്യക്തമായ മറുപടി നൽകിയെങ്കിലും വിവാദങ്ങൾ നിലനിൽക്കുകയാണ്.
സജി ചെറിയാൻ ചെയർമാനായുള്ള പെയിൻ ആന്റ് പാലിയേറ്റീവിന് വേണ്ടി വാങ്ങിയതും പാർട്ടി ഓഫീസുകൾ പണിയാൻ വാങ്ങിയതുമായ വസ്തുക്കളാണ് വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
ഈ വസ്തുക്കളെല്ലാം സജി ചെറിയാന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരിലാണ് ആധാരങ്ങൾ നടത്തിയിരിക്കുന്നത്. പാർട്ടി സംഘടനാ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ സ്വന്തം പേരുകളിൽ വസ്തു എഴുതിയിരിക്കുന്നത്. ഇതിൽ തെറ്റില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ.
എന്തായാലും പ്രചാരണ രംഗത്ത് സ്വത്ത് വിവരം പ്രധാന ആയുധമാക്കുവാനാണ് മറ്റ് മുന്നണികളുടെ നീക്കം.യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിനെ പുലിവാലുപിടിപ്പിച്ചത് വക്കീലും കക്ഷിയും തമ്മിലുള്ള പ്രശ്നമായിരുന്നു. കോണ്ഗ്രസുകാരനായ വെണ്മണി സ്വദേശിയുടെ വക്കാലത്ത് ഏറ്റെടുത്ത ശേഷം ചതിച്ചെന്ന ആരോപണവുമായി ഇയാൾ രംഗത്ത് വന്നതാണ് വിവാദമായത്.
കൂടാതെ ചെങ്ങന്നൂരിലെ മുൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് വിജയകുമാർ വോട്ട് ചെയ്തില്ലെന്നും തോൽക്കുവാൻ വേണ്ടി പ്രവർത്തിച്ചുവെന്നും ആരോപണം ഉയർത്തി മുൻ എംഎൽഎ ശോഭനാജോർജ് രംഗംത്ത് വന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായി.
കഴിഞ്ഞ തവണ വരെ യുഡിഎഫ്ന് ലഭിച്ചിരുന്ന കേരളാ കോണ്ഗ്രസ് -എമ്മിന്റെ വോട്ട് ഇത്തവണ ലഭിക്കുവാൻ വേണ്ട നടപടികൾ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ഇവർ ഇല്ലെങ്കിലും യുഡിഎഫ് ജയിക്കുമെന്ന തരത്തിലുള്ള ചില നേതാക്കളുടെ പ്രസ്താവന വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചു.
എൻഡിഎ സ്ഥാനാർഥി തുടക്കത്തിൽ വിവാദത്തിൽപെട്ടത് ബിഡിജെഎസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിലൂടെയാണ്. ശ്രീധരൻ പിള്ള എങ്ങനെയും ബിഡിജെഎസിനെ വരുതിയിലാക്കുവാൻ പെടാപ്പാടുകൾ ചെയ്യുന്പോൾ ബിജെപി നേതാക്കൾ നിസംഗത പാലിച്ചതാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചത്. ഇതുമൂലം പ്രചാരണങ്ങൾ ശക്തമാക്കാനും കണ്വൻഷനുകൾ ആരംഭിക്കുവാനും ഏറെ താമസം നേരിട്ടു.
തെരെഞ്ഞെടുപ്പ് സമയത്ത് മാത്രം കോഴിക്കോട്ട് നിന്നെത്തുന്ന സ്ഥാനാർഥി എന്ന തരത്തിൽ ട്രോളൻമാർ വളഞ്ഞിട്ട് ആക്രമിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും സൈബർ സെല്ലിൽ പരാതി നൽകുന്നതിലേക്ക് എത്തുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പിലും കാണാത്ത വിധത്തിലുള്ള വിവാദങ്ങളാണ് ചെങ്ങന്നൂരിൽ സ്ഥാനാർഥികളെ പിടികൂടിയിരിക്കുന്നത്.