മുക്കം( കോഴിക്കോട്): മുക്കം റോഡില്‍ കളന്‍ തോടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി 1,08,000 രൂപമോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടും മോഷ്ടാവ് കാക്ക രഞ്ജിത്തിലേക്ക്. ഇയാള്‍ക്ക് നേരിട്ടോ അല്ലാതെയോ മോഷണത്തില്‍ പങ്കുണ്ടാവെന്ന നിഗമനത്തിലാണ് പോലീസ്.
ഔദ്യോഗികമായി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മോഷണ രീതികളിലെ സമാനതകളാണ് കാക്ക രഞ്ജിത്തിലേക്ക് അഷന്വേഷണം നീളാന്‍ കാരണം. സംഭവത്തെ തുടര്‍ന്ന് അടുത്തിടെ പുറത്തിറങ്ങിയ ജയില്‍പുള്ളികളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിയിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിയാത്തത് പോലീസിനും തലവേദനയായിരുന്നു. സംഭവ സമയം പെട്രോള്‍ പമ്പിലെ സിസിടിവി കാമറ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതാണ് പോലീസിനെ കുഴക്കുന്നത്. നോര്‍ത്ത് അസി.കമ്മീഷണര്‍ പ്രിഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ കുന്ദമംഗലം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
സമീപ ദിവസങ്ങളില്‍ ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പ്രധാനമായും അന്വേഷണം നടത്തിയത്. പമ്പിന് സമീപത്തെ വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
കളന്തോട് ഭാരത് പെട്രോളിയത്തിന്റെ എഇകെ ഫ്യൂവല്‍ സ്റ്റേഷനിലാണ് ബുധനാഴ്ച രാത്രി പത്തോടെ മോഷണം നടന്നത്. ശക്തമായ മഴ പെയ്യുന്ന സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. ഈ സമയത്താണ് മുഖം മൂടി ധരിച്ച ഒരാള്‍ ഓഫീസിലെത്തി പമ്പിലെ സ്റ്റാഫ് അര്‍ഷിദിന് നേരെ തോക്ക് ചൂണ്ടി പണമാവശ്യപ്പെട്ടത്.
ഈ സമയം പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പമ്പിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്ണായിരം രൂപയുമായി അനീഷ വീട്ടിലേക്ക് പോകാനിറങ്ങവേയാണ് മോഷ്ടാവെത്തിയത്.